സി.എം. രവീന്ദ്രൻ നാളെയും ഹാജരാവില്ല; വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കൽ ബോർഡ്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. കോവിഡാനന്തര അസുഖങ്ങള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ രവീന്ദ്രന് വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. എം.ആർ.ഐ സ്കാൻ വേണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചു.
വ്യാഴാഴ്ചയാണ് സി.എം. രവീന്ദ്രനോട് ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി നിർദേശിച്ചത്. നേരത്തെ രണ്ട് തവണ നോട്ടീസ് നൽകിയപ്പോഴും അസുഖം കാരണം ഹാജരായിരുന്നില്ല. ഇത് മൂന്നാമത്തെ പ്രാവശ്യമാണ് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യലിന് തൊട്ടുമുമ്പായി ആശുപത്രിയിൽ പ്രവേശിക്കുന്ന നിലപാടിനെതിരെ സി.പി.എമ്മിൽ തന്നെ വിമർശനം ഉയർന്നിരുന്നു.
എന്നാൽ, സി.എം. രവീന്ദ്രന് പ്രതിരോധം തീര്‍ത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. മൂന്നല്ല, 30 പ്രാവശ്യം നോട്ടീസ് നൽകിയാലും അസുഖം വന്നാൽ ചികിത്സിക്കേണ്ടി വരുമെന്ന് കടകംപള്ളി പറഞ്ഞു.
അതേസമയം രവീന്ദ്രന്‍റെ ആശുപത്രി വാസത്തില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി. രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നാടകമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ ആരോപിച്ചു. രഹസ്യങ്ങളുടെ കാവലാളായ രവീന്ദ്രന്‍റെ ജീവൻ തന്നെ അപകടത്തിലാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സി.എം. രവീന്ദ്രൻ കുറ്റം ചെയ്‍തിട്ടുണ്ടെങ്കിൽ സംരക്ഷിക്കില്ലെന്നായിരുന്നു സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രന്‍റെ പ്രതികരണം. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കട്ടേയെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.