ശബരിമല-സി.എ.എ പ്രക്ഷോഭ കേസുകൾ പിന്‍വലിക്കുന്നതിന് തുടര്‍ നടപടിക്ക് അനുമതി നൽകിയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം, പൗരത്വ ഭേദഗതി നിയമ ഭേദഗതി എന്നിവയുമായി ബന്ധപ്പെട്ട സമരങ്ങളിൽ ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുന്നതിന് തുടര്‍നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍തല നടപടിക്രമങ്ങള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കാൻ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശെൻറ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേസുകളുടെ തല്‍സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി, ജില്ല കലക്ടര്‍മാര്‍, ജില്ല പൊലീസ് മേധാവികള്‍ എന്നിവര്‍ക്ക് നിർദേശം നല്‍കിയിരുന്നു.
കേസുകളുടെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാൻ ക്രൈംബ്രാഞ്ച് ഐ.ജിയും സ്പെഷല്‍ സെല്‍, എസ്.സി.ആര്.ബി വിഭാഗം സൂപ്രണ്ടുമാരും ഉള്‍പ്പെടുന്ന കമ്മിറ്റിക്ക് പൊലീസ് മേധാവി രൂപം നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ ക്രോഡീകരിച്ച് പരിശോധിക്കുന്ന ചുമതലയും ഈ കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. ഓരോ കേസും പ്രത്യേകം പരിശോധിച്ച് കോടതിയുടെ അനുമതിയോടെയേ കേസ് പിന്‍വലിക്കാനാവൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
സർക്കാറിന് താൽപര്യമുള്ള 5325 ക്രമിനൽ കേസുകൾ പിൻവലിച്ചിട്ടും ശബരിമല സംഭവവുമായി ബന്ധമുള്ള 2636 കേസുകളും പൗരത്വ വിഷയത്തിലെ 836 കേസുകളിൽ 13 എണ്ണം ഒഴികെയുള്ളവയും പിൻവലിച്ചിട്ടില്ലെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.