മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനെത്തിയ സൈന്യം മൂന്നുറ് മീറ്റർ അരികിലെത്തി; കുടിവെള്ളം നൽകാൻ ശ്രമിക്കുന്നു
text_fieldsപാലക്കാട്: മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനെത്തിയ കരസേന ലക്ഷ്യസ്ഥാനത്തിനടുത്തെത്തി. ഇന്ന്, പുലർച്ചെ 2.55 ഓടെയാണ് സൈന്യം യുവാവ് കുടുങ്ങിയ പാറക്കെട്ടിൽ നിന്നും മുന്നൂറുമീറ്റർ അകലെയെത്തിയത്. യുവാവുമായി സംസാരിച്ചു കഴിഞ്ഞു. ഇവിടെ വെളിച്ച കുറവാണിപ്പോൾ തടസം. പകൽ വെളിച്ചമാകുന്നതോടെ രക്ഷാപ്രവർത്തനം പൂർത്തിയാകൂമെന്നാണ് പ്രതീക്ഷ. ഇനി മണിക്കൂറുകൾക്കുള്ളിൽ യുവാവിനെ രക്ഷിക്കാൻ കഴിയുമെന്ന് സൈന്യം അറിയിച്ചു. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള കോസ്റ്റ് ഗാർഡിന്റെ രക്ഷാദൗത്യം പരാജയപ്പെട്ടതിനെതുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരസേനയുടെ സഹായം തേടിയത്. തുടർന്ന് കരസേനയുടെ ദക്ഷിൺ ഭാരത് ഏരിയയുടെ പ്രത്യേക സംഘം ബംഗളൂരുവിൽനിന്ന് പാലക്കാട് എത്തി. പർവതാരോഹണത്തിൽ പ്രാവീണ്യം നേടിയ സംഘമാണെത്തിയിരിക്കുന്നത്. ഇന്ന് രാത്രി തന്നെ ബാബുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് കരസേന തുടക്കമിടും.
പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്റർദൗത്യം വിജയിക്കാതായതോടെയാണിത്. മലമ്പുഴ ചെറാട് സ്വദേശി റഷീദയുടെ മകൻ ആർ. ബാബുവാണ് (24) തിങ്കളാഴ്ച ഉച്ചയോടെ കൂമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയത്. ബാബുവും രണ്ട് സുഹൃത്തുക്കളും കൂടിയാണ് തിങ്കളാഴ്ച രാവിലെ പത്തരയോടെ മല കയറിയത്. ഇതിനിടെ, ബാബു കാൽ വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. രക്ഷിക്കാനാവാതെ സുഹൃത്തുക്കൾ മലയിറങ്ങി പൊലീസിനെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. വീഴ്ചയിൽ ബാബുവിന്റെ കാലിന് സാരമായ പരിക്കുണ്ട്.
കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെയും കാലിലേറ്റ പരിക്കിന്റെയും ചിത്രങ്ങൾ ബാബു അയച്ചുകൊടുത്തിരുന്നു. രാത്രി മൊബൈൽ ഫോണിൽനിന്നുള്ള ലൈറ്റ് പ്രകാശിച്ചിരുന്നു. ചൊവ്വാഴ്ച ഫോൺ ഓഫായി. തിങ്കളാഴ്ച വൈകീട്ട് വനപാലകരും ഫയർ ഫോഴ്സുമടക്കം ഒരു സംഘവും സന്നദ്ധ പ്രവർത്തകരടക്കം മറ്റൊരു സംഘവും മല കയറിയെങ്കിലും ബാബു കുടുങ്ങിയ ഭാഗത്ത് എത്താനായില്ല. ചൊവ്വാഴ്ച പുലർച്ച 11 പേരടങ്ങുന്ന മറ്റൊരു സംഘം, ഉച്ചയോടെ ദേശീയ ദ്രുത പ്രതികരണ സേന എന്നിവയും പുറപ്പെട്ടുവെങ്കിലും ഫലം കണ്ടില്ല. വൈകീട്ട് മൂന്നോടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ എത്തിയെങ്കിലും കാറ്റുള്ളതിനാൽ രക്ഷാദൗത്യം വിഫലമായി. മല തള്ളിനിൽക്കുന്നതിനാൽ കോപ്റ്റർ അടുപ്പിക്കുന്നത് സുരക്ഷിതമായിരുന്നില്ല.
കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയെന്ന് മുഖ്യമന്ത്രി
മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാംഗ്ലൂരില്‍ നിന്ന് പാരാ റെജിമെന്‍റൽ സെന്‍ററിൽ നിന്നുള്ള കമാണ്ടോകള്‍ ഉടൻ പുറപ്പെടും. അവരെ വ്യോമസേനയുടെ എ.എൻ 32 വിമാനത്തിൽ സുലൂരില്‍ എത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം മലമ്പുഴയിലെത്തും.
കരസേനയുടെ മദ്രാസ് റെജിമെന്‍റിൽ നിന്നുള്ള ഏഴ് പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിംഗ്ടണിൽ നിന്ന് മലമ്പുഴയിലേക്ക് പുറപ്പെടും. ഇന്ന് രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ നാളെ പകൽ വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയവർ ഉൾപ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്. കരസേനയുടെ ദക്ഷിൺ ഭാരത് GOC അരുണിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലമ്പുഴ സ്വദേശി ബാബുവാണ് കഴിഞ്ഞദിവസം ട്രക്കിങ്ങിനിടെ വീണ് കൊക്കയിൽ കുടുങ്ങിയത്. യുവാവ് കൊക്കയിൽ കുടുങ്ങി 24 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ എത്തിയെങ്കിലും പാറകൾ നിറഞ്ഞ ചെങ്കുത്തായ പ്രദേശത്ത് നിലത്തിറക്കി രക്ഷാപ്രവർത്തനം സാധിച്ചില്ല.
രക്ഷാ പ്രവർത്തനങ്ങൾക്കായി തൃശൂരിൽ നിന്നും എൻ.ഡി.ആർ.എഫിന്റെ ഒരു സംഘം കൂടി ഇന്ന് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫയർ ഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരുടെ ഒന്നിച്ചുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.