'ഹരിത'യുടെ പേരിൽ നിയമസഭയിൽ ബഹളം; സ്ത്രീകളുടെ തുല്യപദവി അംഗീകരിച്ച് മുന്നോട്ടുപോയേ തീരൂവെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മുസ്ലിം ലീഗ് വിദ്യാർഥിനി വിഭാഗമായ 'ഹരിത'യുടെ മുൻ നേതാക്കൾ നൽകിയ പരാതി ചോദ്യമായി വന്നതിനെതുടർന്ന് സഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയിൽ ഭരണപക്ഷ അംഗമായ പി.പി. ചിത്തരഞ്ജനാണ് ഹരിതയുടെ പേരെടുത്ത് പറയാതെ വിഷയം ഉന്നയിച്ചത്.
മറുപടി പറയാൻ മുഖ്യമന്ത്രി എഴുന്നേറ്റതോടെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രതിഷേധവുമായി എഴുന്നേറ്റു. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തരകാര്യം സംബന്ധിച്ച ചോദ്യമാണിതെന്നും ചോദ്യോത്തരവേളയിൽ ഇത്തരം ദുരുദ്ദേശ്യപരമായ ചോദ്യങ്ങൾ സഭയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഇത്തരം ചോദ്യങ്ങൾ പാടില്ലെന്ന സ്പീക്കറുടെ റൂളിങ് നിലനിൽക്കെ അവ ലംഘിച്ചുകൊണ്ട് ചോദ്യോത്തരവേളയെ രാഷ്ട്രീയ ആരോപണങ്ങളാക്കി മാറ്റാനുള്ള ശ്രമത്തെ തടയണമെന്നും ചോദ്യം റദ്ദാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
എന്നാൽ, പ്രതിപക്ഷ നേതാവിെൻറ ആവശ്യം തള്ളിയ സ്പീക്കർ മുഖ്യമന്ത്രിയെ മറുപടിക്ക് ക്ഷണിക്കുകയായിരുന്നു. മറുപടി പറഞ്ഞ മുഖ്യമന്ത്രി ഹരിതയുടെയോ ലീഗിെൻറയോ പേര് പരാമർശിച്ചില്ല. ലിംഗ സമത്വത്തിെൻറയും തുല്യനീതിയുടെയും കാര്യത്തിൽ സർക്കാറിനു മാത്രമല്ല എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വലിയ പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീസുരക്ഷയുെടയും ലിംഗസമത്വത്തിെൻറയും കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങെളക്കാൾ കേരളം ഏറെ മുന്നിലാണെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും സ്ത്രീകൾക്കെതിരായ നീക്കങ്ങളുടെ അംശങ്ങൾ നിലനിൽക്കുന്നുണ്ട്. എല്ലാവരെയും ഞെട്ടിക്കുന്ന സംഭവങ്ങൾ അടുത്തിടെ ഉണ്ടായി. അത്തരം സാഹചര്യങ്ങൾക്കെതിരെ പൊതു സമീപനത്തിെൻറ തുടർച്ച അനിവാര്യമാണ്. സ്ത്രീകളുടെ തുല്യപദവി അംഗീകരിച്ച് മുന്നോട്ടുപോയേ തീരൂ. ഇക്കാര്യത്തിൽ ഒരേമനസ്സോടെ മുന്നോട്ടുപോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപചോദ്യത്തിൽ ഡി.കെ. മുരളി ഹരിത പ്രവർത്തകരുടെ വനിത കമീഷനിലെ പരാതി എന്തായി എന്ന് ചോദ്യം ഉന്നയിച്ചതോടെ പ്രതിപക്ഷനിരയിൽനിന്ന് വീണ്ടും ബഹളമായി. പരാതിയുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചേ പറയാനാവൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ പ്രതിപക്ഷം ശാന്തമായി. ഇതിനിടയിൽ പി.കെ. കുഞ്ഞാലിക്കുട്ടി സംസാരിക്കാൻ എഴുന്നേറ്റെങ്കിലും സ്പീക്കർ അനുവദിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.