മാഹി ബൈപാസ് നേട്ടമെന്ന് പറഞ്ഞ മുഖ്യമന്ത്രി പാലം തകർന്നപ്പോൾ കൈകഴുകുന്നു -ചെന്നിത്തല
text_fieldsതിരുവനന്തപുരം: മുഴപ്പിലങ്ങാട് മാഹി ബൈപാസ് ഭരണനേട്ടമായി ഉയർത്തിക്കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയൻ, ബെപാസിലെ പാലം തകർന്നപ്പോൾ തങ്ങൾക്ക് പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാാണ് മുഖ്യമന്ത്രി മാഹിയിലെ ബൈപാസിനെ ചൂണ്ടിക്കാണിച്ചത്. എന്നാൽ, അതിൻെറ പാലത്തിലെ നാല് ഗർഡറുകൾ തകർന്ന് താഴെ വീണപ്പോൾ തനിക്കോ തൻെറ ഓഫിസിനോ ഒരു പങ്കുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. നിയമസഭയ്ക്കകത്തും പുറത്തും ബൈപാസ് നിർമാണത്തെ തങ്ങളുടെ മഹാനേട്ടമായാണ് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതെന്നത് സൗകര്യപൂർവം മറക്കുകയാണ് -ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പങ്ക് വെളിപ്പെട്ടപ്പോൾ തനിക്കോ തൻെറ ഓഫിസിനോ ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സർക്കാറിൻെറ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമായ ലൈഫ് പദ്ധതിയിൽ കമ്മീഷൻ തട്ടിയത് ശ്രദ്ധയിൽപെടുത്തിയപ്പോഴും ഇതുതന്നെയായിരുന്നു മറുപടി. തൻെറ മന്ത്രിസഭാംഗം നിയമംലംഘിച്ച് പാർസലുകളിറക്കി സർക്കാർ വാഹനത്തിൽ കൊണ്ടുപോയത് പുറത്തുവന്നപ്പോഴും മുഖ്യമന്ത്രി പറയുന്നത് തനിക്കോ തൻെറ ഓഫിസിനോ ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സെക്രട്ടറിയേറ്റിൽ നിർണായകരേഖകൾ കത്തി നശിച്ചപ്പോഴും ഇതുതന്നെയാണ് പറഞ്ഞത്. എല്ലാകാര്യത്തിലും ഇങ്ങനെ പറഞ്ഞ് കൈകഴുകാനാണ് മുഖ്യമന്ത്രിയുടെ ശ്രമം -ചെന്നിത്തല പറഞ്ഞു.
ശിവശങ്കരൻ കഴിഞ്ഞ ജന്മത്തിലാണ് തൻെറ ഒാഫിസിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹത്തെ പുറത്താക്കിയതോടെ എല്ലാം അവസാനിച്ചുവെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. മന്ത്രിസഭയോ, ഇടതുമുന്നണിയോ, സി.പി.എമ്മോ പോലുമറിയാതെ എല്ലാ ഇടപാടും നടത്തിയത് മുഖ്യമന്ത്രിയും ഈ പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നാണ്. മന്ത്രിമാർ ശിവശങ്കരനെ ഒറ്റ തിരിഞ്ഞ് അക്രമിക്കുന്നു. ആ നിലപാട് പോലും മുഖ്യമന്ത്രിക്കില്ല -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.