ഉമ്മൻ ചാണ്ടിയെ പരാമർശിക്കാതെ മുഖ്യമന്ത്രി; അനുസ്മരിച്ച് സ്പീക്കർ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ആർക്കെന്ന രാഷ്ട്രീയപ്പോരിനിടെ കപ്പലിന് സ്വീകരണം നൽകിയ ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചും തുറമുഖ പദ്ധതിയിൽ അദ്ദേഹത്തിന്റെ ആത്മസമർപ്പണത്തെ പുകഴ്ത്തിയും സ്പീക്കർ എ.എൻ. ഷംസീർ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത് ചർച്ചയായി.
തുറമുഖത്തിന്റെ നിർമാണ ചരിത്രം വിവരിച്ച പ്രസംഗത്തിൽ ഉമ്മൻ ചാണ്ടിയുടെ ഇടപെടലുകളും പേരും പരാർശിക്കാതിരുന്ന മുഖ്യമന്ത്രി, അദാനി ഗ്രൂപ്പിന്റെ സേവനത്തെ ഒന്നിലധികം തവണ അഭിനന്ദിച്ചു. തുറമുഖ ചരിത്രം ഓർപ്പിച്ചപ്പോഴും ഇടത് സർക്കാറുകളുടെ മികവിനെ പുകഴ്ത്തിയ വേളയിലും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേരും പിണറായി സൂചിപ്പിച്ചില്ല. തുറമുഖത്തിന് സ്ഥലം ഏറ്റെടുക്കൽ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്ക് തുടക്കമിടൽ എന്നിവയിൽ 2006ലെ വി.എസ്. അച്യുതാനന്ദൻ സർക്കാറും ശ്രമം നടത്തിയിരുന്നു.
സ്വീകരണചടങ്ങിൽ പ്രതിപക്ഷത്തെ ക്ഷണിക്കാത്തത് പദ്ധതിയുടെ ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്കും യു.ഡി.എഫിനും പോകുമെന്ന ആശങ്കമൂലമാണെന്നാണ് പ്രതിപക്ഷം കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നത്. ഇന്നലെ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിൽ ഇടത് സർക്കാറുകൾ തുറമുഖത്തിനായി നടത്തിയ ഇടപെടലുകൾ എടുത്തുപറഞ്ഞു.പദ്ധതിക്ക് നേതൃത്വം നൽകുന്നതിൽ മുൻ തുറമുഖ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരുടെ പേര് പരാമർശിക്കുകയും ചെയ്തു.
എന്നാൽ ചടങ്ങിൽ സംസാരിച്ച അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി ഉമ്മൻ ചാണ്ടിയുടെ പേരും സ്ഥലം എം.പിയെന്ന നിലയിൽ ശശി തരൂർ സ്വീകരിച്ച നിലപാടുകളും എടുത്തുപറഞ്ഞു. ഇടതുപക്ഷം ഒറ്റക്കെട്ടായി വിഴിഞ്ഞം രാഷ്ട്രീയ നേട്ടമാക്കാൻ ശ്രമിച്ചപ്പോഴാണ് ‘വേറിട്ട’ ശബ്ദം എ.എൻ. ഷംസീറിൽനിന്ന് ഉയർന്നത്. ‘ഇതൊരു ചരിത്രനിമിഷമാണ്’ എന്ന് തുടങ്ങുന്ന പോസ്റ്റിലാണ് ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചത്. ‘വിഴിഞ്ഞം തുറമുഖത്തിന്റെ നാൾവഴികളിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നേതൃത്വം തുറമുഖത്തിന്റെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുന്നതായിരുന്നു.
ഈ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും, അദ്ദേഹം ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോയി. ആദരണീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്രനിമിഷം പൂർത്തിയാകില്ല’ എന്നാണ് ഷംസീറിന്റെ കുറിപ്പ്.
വിമർശിച്ച് എം. വിൻസെന്റ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്നർ കപ്പലിന് സ്വീകരണം നൽകിയ ചടങ്ങിൽ പ്രതിപക്ഷനേതാവിനെ ക്ഷണിക്കാത്തതിനെ വിമർശിച്ച് കോൺഗ്രസ് എം.എൽ.എ എം. വിൻസെന്റ്. വികസനകാര്യങ്ങളിൽ രാഷ്ട്രീയ വേർതിരിവ് ഒഴിവാക്കണമെന്നും ഈ ചടങ്ങിൽ പ്രതിപക്ഷനേതാവ് ഉണ്ടായിരുന്നെങ്കിൽ എത്ര മനോഹരമാവുമായിരുന്നെന്നും വിൻസെന്റ് പറഞ്ഞു. വിഴിഞ്ഞം പദ്ധതി വിവിധ സർക്കാറുകൾ തുടർച്ചയായി നടത്തിയ ഇടപെടലുകളുടെ തുടർച്ചയാണ്. എല്ലാ സർക്കാറുകളും ഇതിനായി പരിശ്രമിച്ചു. ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നെങ്കിൽ തുറമുഖം പ്രവർത്തനസജ്ജമാവുന്നതിൽ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി അദ്ദേഹമായിരിക്കും -വിൻസെന്റ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.