ഇരിപ്പുറക്കാതെ സി.എം.ഡിമാർ, ഇരുട്ടടിയേറ്റ് പുനരുദ്ധാരണം
text_fieldsതിരുവനന്തപുരം: പ്രതിസന്ധിയുടെ നടുക്കടലിലും പുനരുദ്ധാരണത്തിലും ലാഭത്തിലും പ്രതീക്ഷയർപ്പിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് മാേനജ്മെൻറ് തലപ്പത്തെ ആവർത്തിച്ചുള്ള അഴിച്ചുപണി ഇരുട്ടടിയാകും. ടോമിൻ ജെ. തച്ചങ്കരിക്ക് ചുമതല നൽകിയുള്ള പുതിയ തീരുമാനത്തോടെ ഇടതു സർക്കാർ അധികാരത്തിലെത്തി രണ്ടു വർഷത്തിനിടെ ഇതു മൂന്നാം തവണയാണ് സി.എം.ഡിയെ മാറ്റുന്നത്. ഏറെ പ്രതീക്ഷയോടെ പുനരുദ്ധാരണ നടപടികൾക്ക് തുടക്കമിട്ട എം.ജി. രാജമാണിക്യത്തിന് ഒരു വർഷത്തിനുള്ളിൽ കസേര പോയി. പിന്നാലെയെത്തിയ എ. ഹേമചന്ദ്രനും ഒരു വർഷം തികയ്ക്കാനായിട്ടില്ല. ഏറെ പണിപ്പെട്ട് 3200 കോടിയുടെ കൺസോർട്യം വായ്പ തരപ്പെടുത്തിയും ഒപ്പം ഡ്യൂട്ടി പരിഷ്കരണത്തിലൂടെ സർവിസ് കാര്യക്ഷമമാക്കാനുള്ള നടപടികൾ തുടരുന്നതിനുമിടയിലാണ് ഇപ്പോൾ ഹേമചന്ദ്രനെ മാറ്റിയത്.
പ്രതിമാസം കള്ളികളിലൊതുങ്ങാത്ത നഷ്ടവുമായി ഭാരിച്ച െചലവുകൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ച് തലപ്പത്തെ അനിശ്ചിതാവസ്ഥയും അസ്ഥിരതയും ഗുരുതര പ്രത്യാഘാതങ്ങളാണുണ്ടാക്കുന്നത്. ഒരു വശത്ത് ധനസഹായമടക്കം പ്രഖ്യാപിച്ച് പുനരുദ്ധാരണത്തിന് സജീവമായി ഇടപെടുന്ന സർക്കാർ മറുവശത്ത് മാനേജ്മെൻറ് സാരഥികളെ തോന്നിയപോലെ മാറ്റി നിയമിക്കുന്നത് എല്ലാ നീക്കങ്ങളെയും നിഷ്ഫലമാക്കുകയാണെന്ന് ഇടത് അനുകൂല സംഘടനകൾതന്നെ തുറന്നുപറയുന്നു.
കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ച് വലിയ പ്രഖ്യാപനങ്ങളായിരുന്നു സർക്കാർ അധികാരമേറ്റപ്പോൾ മുന്നോട്ടു െവച്ചത്. പുനരുദ്ധാരണ നടപടികളിലൂടെ കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധി പരിഹരിക്കുമെന്നും ലാഭത്തിലാക്കുമെന്നും സർക്കാർ ആവർത്തിക്കുന്നുണ്ട്. പക്ഷേ, രണ്ടു വർഷത്തിനിടെ സ്ഥലംമാറ്റമടക്കമുള്ള നടപടികളിലൂടെ ജീവനക്കാരെ ഒന്നടങ്കം വെറുപ്പിച്ചതും അസംതൃപ്തിയിലാക്കിയതുമാണ് ഇക്കാലയളവിൽ കാര്യമായി നടന്നത്.
ശാസ്ത്രീയമായി ഏർപ്പെടുത്തിയ വരുമാനത്തിെൻറ അടിസ്ഥാനത്തിലുള്ള ഡ്യൂട്ടി ക്രമീകരണ സംവിധാനവും പാളി. 3200 കോടിയുടെ കൺസോർട്യം വായ്പ കിട്ടിയതിനെ തുടർന്ന് പ്രതിമാസ വായ്പാതിരിച്ചടവിൽ വന്ന കുറവ് ആശ്വാസമാണെങ്കിലും വരുമാനവും ചെലവും തമ്മിലെ അന്തരം ദിനംപ്രതി ഏറുകയുമാണ്.
ഇൗ സാഹചര്യത്തിലാണ് സ്ഥാപനത്തിെൻറ സാഹചര്യങ്ങൾ പഠിച്ച് നടപടി തുടങ്ങുന്ന സി.എം.ഡിമാരെ ഇടപെടലുകളുടെ തുടക്കത്തിൽതന്നെ അടിക്കടി മാറ്റിയുള്ള സർക്കാറിെൻറ പരീക്ഷണം.ട്രാൻസ്പോർട്ട് കമീഷണറായിരുന്ന ടോമിൻ ജെ. തച്ചങ്കരിയും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനും തമ്മിെല ശീതസമരങ്ങളെ തുടർന്നാണ് നേരത്തേ തച്ചങ്കരിയുടെ കസേര തെറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.