പേടിച്ച് ഉത്തരവിറക്കുന്ന ആളുകളല്ല; വിമർശനം കേസിനെ ബാധിക്കില്ലെന്നും ലോകായുക്ത
text_fieldsതിരുവനന്തപുരം: ആരെയെങ്കിലും പേടിച്ച് ഉത്തരവ് എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്യുന്ന ആളുകളല്ല തങ്ങളെന്ന് ലോകായുക്ത. ‘ഹരജിക്കാരൻ തങ്ങളെ വിമർശിച്ചെന്ന് കരുതി അത് കേസിനെ ബാധിക്കില്ല. ആരോടും പേടിയോ പ്രീതിയോ തങ്ങൾക്കില്ല. മൈക്ക് കെട്ടിവച്ച് പ്രസംഗിക്കാൻ ജഡ്ജിമാർക്ക് കഴിയില്ല എന്നത് ദൗർബല്യമാണ്. ദുഃഖവെള്ളി കഴിഞ്ഞത് കൊണ്ട് ഒരു കാര്യം പറയാം, ‘കർത്താവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല’ - ലോകായുക്ത സിറിയക് ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗ കേസ് ഫുൾബഞ്ചിന് വിട്ട ഡിവിഷൻബഞ്ച് നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച റിവ്യുഹരജി പരിഗണിക്കവെ ആയിരുന്നു ലോകായുക്തയുടെ പ്രതികരണം.
കഴിഞ്ഞ ദിവസത്തെപോലെ ഹരജിക്കാരനെ പലകുറി പരിഹസിക്കാനും ഡിവിഷൻ ബഞ്ച് മറന്നില്ല. കഴിഞ്ഞദിവസം എത്താതിരുന്ന അഡ്വ. ജോർജ് പൂന്തോട്ടമാണ് ബുധനാഴ്ച പരാതിക്കാരനായി ഹാജരായത്. കേസിലെ നിയമസാധുത നേരത്തെ ലോകായുക്ത പരിശോധിച്ചതാണെന്ന് ജോർജ് പൂന്തോട്ടം വ്യക്തമാക്കി. മന്ത്രിസഭ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹരജിയിൽ ലോകായുക്തയ്ക്ക് തീരുമാനം എടുക്കാമെന്ന് ഇതേ ബെഞ്ചിന്റെ വിധിയുണ്ട്. നിർഭാഗ്യവശാൽ, വിധിയിൽ അത് പരാമർശിച്ചിട്ടു പോലുമില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
അക്കാര്യം എന്തിന് വിധിയിൽ പരാമർശിക്കണമെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു. മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കുമ്പോൾ എല്ലാ വാദമുഖങ്ങളും നിരത്താമെന്നും തെളിവുകൾ പരിശോധിക്കാമെന്നും ലോകായുക്ത പറഞ്ഞു. രണ്ടു ജഡ്ജിമാർക്കിടയിൽ വ്യത്യസ്ത അഭിപ്രായം വന്നാൽ മുന്നംഗബഞ്ചിന് വിടണമെന്ന് ലോകായുക്ത നിയമം പറയുന്നുണ്ട്. മൂന്നംഗ ബെഞ്ച് വാദം കേൾക്കുമ്പോൾ ഭൂരിപക്ഷ അഭിപ്രായം ബാധകമാകുമെന്നും വാദിഭാഗം സഹകരിക്കണമെന്നും ഉപലോകായുക്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.