സി.എം.ഡിയുടെ ചോദ്യം വിനയായി; കെ.എസ്.ആർ.ടി.സിയിൽ 40,700 പേരുടെ പെൻഷൻ മുടങ്ങി
text_fieldsകോട്ടയം: കെ.എസ്.ആർ.ടി.സിയിൽ രണ്ടുമാസത്തെ പെൻഷൻ മുടങ്ങാൻ കാരണം കടമെടുക്കുന്ന തുകയുടെ പലിശ കുറക്കാൻ സി.എം.ഡി നടത്തിയ ശ്രമം. 40,700 പേർക്ക് മൂന്നുവർഷമായി തടസ്സമില്ലാതെ നടന്ന പെൻഷൻ വിതരണമാണ് ഫയലിലെഴുതിയ കുറിപ്പിലൂടെ തടസ്സപ്പെട്ടത്.
സി.എം.ഡിയുടെ നിലപാടിൽ പെൻഷൻകാർ പ്രതിഷേധം ഉയർത്തിയതോടെ നിലവിെല രീതിയിൽതന്നെ പെൻഷൻ കൊടുക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി. ജൂണിലെ പെൻഷൻ അഞ്ചാം തീയതിയും ജൂലൈയിലേത് 10ന് മുമ്പും നൽകിയേക്കുമെന്നാണ് സൂചന. 2022 മാർച്ചുവരെ പെൻഷൻ നൽകാനുള്ള ധാരണപത്രം സംബന്ധിച്ച ചർച്ച അഞ്ചിനകം പൂർത്തിയാക്കി തീരുമാനമെടുക്കും. വിവാദങ്ങളുയർത്തിയ പെൻഷൻ കുടിശ്ശിക മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിടപെട്ടാണ് ടോമിൻ തച്ചങ്കരിയുടെ കാലഘട്ടത്തിൽ സഹകരണ സ്ഥാപനങ്ങളിൽനിന്ന് പണം കടമെടുത്ത് നൽകാനുള്ള പദ്ധതി തയാറാക്കിയത്.
മുൻ ധനമന്ത്രി തോമസ് ഐസക്കായിരുന്നു ഇങ്ങനെയൊരു നിർേദശം തയാറാക്കിയത്. ഇതിെൻറ സാമ്പത്തികബാധ്യത മുഴുവൻ സംസ്ഥാന സർക്കാറാണ് വഹിക്കുന്നത്. അതിനുശേഷം കഴിഞ്ഞ മൂന്നുവർഷമായി തടസ്സമില്ലാതെ നടന്ന പെൻഷൻ വിതരണമാണ് ബിജു പ്രഭാകർ ഇടപെട്ടതോടെ കൊടുക്കാതെപോയത്. പെൻഷന് സഹകരണ ബാങ്ക് നൽകുന്ന പണത്തിന് 10 ശതമാനം പലിശയാണ് സർക്കാർ നൽകുന്നത്. ഇത് 8.8 ശതമാനമായി കുറക്കാൻ നടത്തിയ ശ്രമമാണ് തിരിച്ചടിയായത്. പെൻഷൻ പദ്ധതിയുടെ ധാരണപത്രം പുതുക്കുന്ന സമയമായതോടെയാണ് പലിശ കുറക്കണമെന്ന കുറിപ്പ് ഫയലിൽ ഉൾപ്പെടുന്നത്.
ഈ നിർദേശവുമായി ഫയൽ ധനകാര്യമന്ത്രിക്ക് എത്തി. പുതിയ ധനമന്ത്രി ഫയൽ മുഖ്യമന്ത്രിക്ക് വിട്ടു. ധനമന്ത്രിയും ഗതാഗതമന്ത്രിയും ചർച്ച ചെയ്തു തീരുമാനിക്കണമെന്ന് മുഖ്യമന്ത്രിയും നിർദേശിച്ചു. ഇതോടെ പെൻഷൻ മുടക്കി എന്ന പേരുദോഷം ഗതാഗതമന്ത്രിക്കും കിട്ടി. പലിശ കുറക്കണമെന്ന് ഫയലിൽ നോട്ടെഴുതിയ സി.എം.ഡിക്കാകട്ടെ കുറഞ്ഞ പലിശ നിരക്കിൽ എവിടെനിന്നെങ്കിലും പണം കണ്ടെത്താനും കഴിഞ്ഞില്ല.
ഏതായാലും പലിശ കുറക്കൽ ശ്രമം കെ.എസ്.ആർ.ടി.സിയിലെ 40,700 പെൻഷൻകാരുടെ പെൻഷൻ രണ്ടുമാസം മുടക്കാൻ മാത്രമാണ് ഉപകരിച്ചത്. സഹകരണ വകുപ്പുമായി ചർച്ച നടത്തി പലിശ കുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് ഗതാഗത വകുപ്പിെൻറ നിലപാട്.
പെൻഷൻ തുകയുടെ പലിശ കുറച്ച് പണം ലാഭിക്കാൻ ശ്രമിക്കുന്ന കെ.എസ്.ആർ.ടി.സി മറ്റ് പാഴ്ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നില്ലെന്ന് പെൻഷൻകാർ ചൂണ്ടിക്കാട്ടുന്നു. കോവിഡിനുശേഷം യാത്രക്കാരുടെ എണ്ണം വർധിക്കുേമ്പാഴും രണ്ടായിരത്തോളം ബസുകൾ ഒാടിക്കാതെയിട്ടിരിക്കുന്നതുൾപ്പെടെ കെടുകാര്യസ്ഥതയാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.