സി.എം.പിക്ക് 38 വയസ്സ്; ബദൽരേഖയുടെ വഴിയിൽ സി.പി.എം
text_fieldsതിരുവനന്തപുരം: ബദൽരേഖ വിവാദത്തിൽ സി.പി.എമ്മിൽനിന്ന് പുറത്തായ എം.വി. രാഘവൻ സ്വന്തം പാർട്ടി സി.എം.പി രൂപവത്കരിച്ചിട്ട് ജൂലൈ 27ന് 38 വർഷം. പാർട്ടി നാലു പതിറ്റാണ്ടിലേക്ക് അടുക്കുമ്പോൾ രാഘവൻ മുന്നോട്ടുവെച്ച ബദൽരേഖയുടെ വഴിയിലാണ് സി.പി.എം. കേരള കോൺഗ്രസിനെ ഇടതുമുന്നണിയിലും മന്ത്രിസഭയിലും സ്വീകരിച്ച സി.പി.എം ഏക സിവിൽ കോഡിൽ നിലപാട് മാറ്റി മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ആകർഷിക്കാനുള്ള നീക്കത്തിലുമാണ്.
1985 നവംബര്‍ 20 മുതല്‍ 24 വരെ എറണാകുളത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ രാഷ്ട്രീയ പ്രമേയത്തോട് വിയോജിച്ച് എം.വി. രാഘവന്റെ നേതൃത്വത്തിൽ മുന്നോട്ടുവെച്ച വിയോജനക്കുറിപ്പാണ് ബദൽരേഖ എന്നറിയപ്പെട്ടത്. ജാതി-മത ശക്തികളുമായി ഒരുവിധ സഖ്യവും പാടില്ലെന്ന 11ാം പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ പ്രമേയത്തെ തള്ളി കേരള കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും ഇടതുമുന്നണിയിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു രാഘവന്റെ ബദൽരേഖ. ബദൽരേഖ സംസ്ഥാന സമ്മേളനം തള്ളിയെങ്കിലും അത് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി.
ബദല്‍രേഖക്ക് മുന്‍കൈയെടുത്ത രാഘവന് ഉള്‍പ്പെടെ പ്രമുഖര്‍ ഒരു വർഷത്തിനകം പാര്‍ട്ടിക്ക് പുറത്തായി. തുടർന്ന് 1986 ജൂലൈ 27ന് കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സി.എം.പി) രൂപവത്കരിച്ച് രാഘവൻ യു.ഡി.എഫിൽ ചേക്കേറിയതും സി.പി.എമ്മുമായി പോരടിച്ചതും കേരള രാഷ്ട്രീയത്തിലെ ചൂടേറിയ അധ്യായമാണ്. മറവിരോഗം ബാധിച്ച അവസാനകാലത്ത് എം.വി.ആറിനോട് ശത്രുത വെടിഞ്ഞ സി.പി.എം ഇപ്പോൾ എം.വി.ആറിന്റെ ബദൽ രേഖയും ഭാഗികമായി ഉൾക്കൊള്ളുകയാണ്.
ഈ ഘട്ടത്തിലെങ്കിലും എം.വി.ആറിനെ തള്ളിയത് തെറ്റായെന്ന് സമ്മതിക്കാനും നിയമസഭയിലടക്കം അക്രമിച്ചതിന് മാപ്പുപറയാനും സി.പി.എം തയാറാകണമെന്നാണ് കോൺഗ്രസ് നേതൃത്വം ഇതിനെക്കുറിച്ച് പ്രതികരിച്ചത്. അതേസമയം, സി.പി.എം ഇപ്പോഴും ബദൽരേഖയിലേക്ക് എത്തിയിട്ടില്ലെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ പറയുന്നു.
ബദൽരേഖക്കൊപ്പം നിന്ന് രാഘവനൊപ്പം പുറത്തുവന്നയാളാണ് സി.പി. ജോൺ. ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.എം നിലപാട് ബദൽ രേഖയല്ല, അവസരവാദ രേഖയാണ്. ബദൽരേഖയിലൂടെ എം.വി.ആർ ഉന്നയിച്ചത് സി.പി.എമ്മിന്റെ 64ലെ പാർട്ടി പദ്ധതിയിലെ അന്തസ്സത്തയാണ്. കലവറ കൂടാതെ ന്യൂനപക്ഷങ്ങളോടും പിന്നാക്ക വിഭാഗങ്ങളോടും ഒപ്പം നിൽക്കുക എന്നതാണ് അത്. എന്നാൽ, തരാതരത്തിന് ചീട്ട് മേശപ്പുറത്തിടുകയും എടുക്കുകയും ചെയ്യുന്ന ഒരുതരം പൊളിറ്റിക്കൽ റമ്മിയാണ് സി.പി.എം കളിക്കുന്നത്.
വേണ്ടിവരുമ്പോൾ ന്യൂനപക്ഷ പ്രേമം നടിക്കും. കുറച്ചുകഴിയുമ്പോൾ ഭൂരിപക്ഷ വർഗീയതയെ ശക്തിപ്പെടുത്തും. ഇന്നത്തെ സിവിൽ കോഡ് വിവാദത്തിന്റെ പിതാവ് ഇ.എം.എസ് നമ്പൂതിരിപ്പാടാണ്. അദ്ദേഹമാണ് ഷാബാനു കേസിനും മുമ്പ് ഏക സിവിൽ കോഡിന്റെ മുദ്രാവാക്യവും ഉയർത്തിയതെന്ന് സി.പി. ജോൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.