സ: സി.പി താത്ത്വികമായ ഒരു അവലോകനം
text_fieldsകോഴിക്കോട്: കോവിഡിനേക്കാൾ വലിയ പകർച്ചവ്യാധിയാണ് തെരഞ്ഞെടുപ്പിലെ സീറ്റ് മോഹം. വസൂരിക്കും ക്ഷയത്തിനും വില്ലൻചുമക്കും വരെ വാക്സിനുണ്ടെങ്കിലും സ്ഥാനാർഥി രോഗത്തിന് ഓക്സ്ഫഡ് സർവകലാശാലക്ക് േപാലും പ്രതിരോധ മരുന്നുണ്ടാക്കാനായിട്ടില്ല.
ഒരു വർഷം മുമ്പ് നാട്ടിലെത്തിയ കോവിഡിനും പ്രതിരോധ മരുന്നായി. പാത്രം കൊട്ടിയാൽ രോഗം മാറുമെന്ന് പറഞ്ഞ കേന്ദ്രപ്രമുഖുകൾ വരെ ഷർട്ടഴിച്ച് കുത്തിവെപ്പെടുത്തു. കോവിഷീൽഡോ കോവാക്സിനോ രണ്ടു വട്ടം കുത്തിവെച്ചാൽ കൊറോണ വൈറസ് പമ്പ കടക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് കോവിഡ് വാക്സിൻ കുത്തിവെച്ച് സ്ഥാനാർഥിയാകാൻ കാത്തിരിക്കുകയാണ് യു.ഡി.എഫിലെ സഖാവായ സി.പി ജോൺ. സ്ഥാനാർഥിയാകാൻ വേണ്ടി കുത്തിവെച്ചതല്ല സ: സി.പി. പ്രായം 60 കഴിഞ്ഞു. പഴയ എസ്.എഫ്.ഐ പയ്യനല്ല ഇപ്പോൾ. ഇ.എം.എസിനെപ്പോലും ഞെട്ടിച്ച് സി.പി.എമ്മിൽ നിന്ന് എം.വി. രാഘവനൊപ്പം ചാടിയ അതേ ആവേശം ബാക്കിയുണ്ടു താനും.
സംസ്ഥാനത്ത് ബജറ്റ് അവതരിപ്പിക്കുന്ന സീസണിൽ സി.പിക്ക് നിന്നു തിരിയാൻ നേരമില്ലാതാകും. പൂരത്തിെൻറ സീസണിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനുണ്ടായിരുന്ന അതേ തിരക്ക്. തോമസ് ഐസകിെൻറ ബജറ്റാണേൽ പറയാനുമില്ല. പ്രിയ സുഹൃത്തായ ഐസകിനോട് െകാമ്പുകോർക്കാൻ ടി.വി ചാനലുകൾ കയറിയിറങ്ങും.
നാട്ടുകാരെല്ലാം ഇതു കാണും. പരിചയമില്ലാത്ത ചിലർ ചോദിക്കും, ഏതാണ് മറ്റേ താടിക്കാരനെന്ന്. ചില ഡി.വൈ.എഫ്.ഐക്കാര്വരെ പാർട്ടി ഓഫിസിൽ കാരംസ് കളിക്കുന്നതിനിടെ ടി.വി കാണുേമ്പാൾ മുതിർന്ന സഖാക്കളോട് ചോദിച്ചതായാണ് വിവരം.
എസ്.എഫ്.ഐ ദേശീയ വൈസ് പ്രസിഡൻറും സംസ്ഥാന പ്രസിഡൻറുമായിരുന്ന ഒരു 'കുലംകുത്തി'യാണെന്ന് മുതിർന്ന സഖാക്കൾ മറുപടി നൽകും. സീതാറാം യെച്ചൂരിയുടെ തലപ്പൊക്കമുണ്ടായിരുന്ന വിദ്യാർഥി നേതാവ്. സി.എം.പി നേതാവിെൻറ ഭൂതകാലമോർത്ത് കുട്ടിസഖാക്കൾ വരെ രോമാഞ്ചം െകാള്ളും.
അധികാരമോഹം കലശലായി ഇല്ലെങ്കിലും കഴിഞ്ഞ രണ്ടു തവണയും ജന്മനാടായ കുന്നംകുളത്ത് സി.പി. ജോൺ പോരിനിറങ്ങി. ഫിസിക്സ് പഠിച്ച് സാമ്പത്തികശാസ്ത്രം സംസാരിക്കുന്ന സി.പിയെ നാട്ടുകാർക്ക് ഇഷ്ടമായില്ല. രണ്ടു വട്ടവും തോൽപ്പിച്ചുവിട്ടു. 2011ൽ ജയിച്ചിരുന്നെങ്കിൽ കൊടിവെച്ച കാറിൽ പറക്കാമായിരുന്നു.
സി.എം.പിയുടെ ചെറിയ കഷണത്തിെൻറ നേതാവാണെങ്കിലും യു.ഡി.എഫിൽ എല്ലാവർക്കും വലിയ സ്നേഹമാണ്. ഏതു വിഷയത്തെക്കുറിച്ചും സംസാരിക്കുന്നത് കേട്ട് മുസ്ലിം ലീഗുകാരൊക്കെ അന്തം വിട്ടിരിക്കും. വേണേൽ ഞങ്ങളെ സീറ്റ് ഏതെങ്കിലും എടുത്തോയെന്ന് പറഞ്ഞ് ലീഗ് പുയ്യാപ്ല സൽക്കാരം നടത്തും. ലോകചരിത്രത്തിൽ മഹാന്മാരെയെല്ലാം സ്വന്തം നാട്ടുകാർ അംഗീകരിച്ചിട്ടില്ല.
ലെനിൻ വരെ ഇൗ താത്ത്വിക പ്രതിസന്ധി നേരിട്ടിരുന്നു. അതുകൊണ്ട് കുന്നംകുളം വിട്ട് ജയിക്കാൻ പറ്റുന്ന സീറ്റിനായി കാത്തിരിക്കുകയാണ്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ 19ന് മുമ്പ് യു.ഡി.എഫിലെ സീറ്റ് വിഭജനം പൂർത്തിയാൽ മത്സരിക്കും. ലാൽസലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.