കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി; അന്വേഷണത്തിന് അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈകോടതി
text_fieldsകൊച്ചി: കരിമണൽ കമ്പനിയിൽ നിന്നും പ്രമുഖ രാഷ്ട്രീയ നേതാക്കൾ മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണത്തിനായി അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈകോടതി. അഡ്വ. അഖിൽ വിജയിയെ ആണ് കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചിരിക്കുന്നത്. അന്തരിച്ച പൊതുപ്രവർത്തകൻ ഗിരീഷ് ബാബു നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹരജിക്കാരൻ മരണപ്പെട്ടാൽ ഹരജി നിലനിൽക്കുമോ എന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ വിശദ അന്വേഷണം നടത്താനാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചിരിക്കുന്നത്.
വിശദ അന്വേഷണം പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് കെ. ബാബു നിർദേശിച്ചിട്ടുണ്ട്.
വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. നേരത്തെ സമാന ആവശ്യവുമായി ഹരജിക്കാരൻ മുവാറ്റുപുഴ വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം വിജിലൻസ് കോടതി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഗിരീഷ് ബാബു ഹൈകോടതിയെ സമീപിച്ചത്. ഹരജി സമർപ്പിച്ച് ഏതാനും നാളുകൾക്ക് ശേഷം ഹരജിക്കാരൻ മരണപ്പെട്ടതോടെ ഹരജി പിൻവലിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ച കോടതി വീണ്ടും ഹരജി പരിഗണിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, രമേശ് ചെന്നിത്തല, ഇബ്രാംഹികുഞ്ഞ് തുടങ്ങിയവർ പണം കൈപ്പറ്റിയെന്നായിരുന്നു ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി. വീണ, യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹീംകുഞ്ഞ് തുടങ്ങിയവർ ഉൾപ്പെട്ട വിവാദ മാസപ്പടി ആരോപണം, പാലാരിവട്ടം മേൽപാലം അഴിമതി, പ്രളയഫണ്ട് തട്ടിപ്പ്, നടൻ ജയസൂര്യ തീരദേശ പരിപാലന നിയമം ലംഘിച്ച് കടവന്ത്രയിലെ ചിലവന്നൂർ കായൽ കൈയേറി വീടും ചുറ്റുമതിലും ബോട്ട് ജെട്ടിയും നിർമിച്ചത് തുടങ്ങി നിരവധി കേസുകളിലെ ഹരജിക്കാരനാണ് ഗിരീഷ് ബാബു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.