എക്സാലോജിക്കിന് സി.എം.ആർ.എൽ പണം നൽകിയത് അഴിമതി; ആരോപണം കോടതിയിൽ ആവർത്തിച്ച് അന്വേഷണ ഏജൻസി
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക്ക് കമ്പനിക്ക് സി.എം.ആർ.എൽ പണം നൽകിയത് അഴിമതിയെന്ന് ആവർത്തിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ). കരിമണല്‍ കമ്പനിയായ സി.എം.ആർ.എല്ലിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായാണ് പണം നല്‍കിയതെന്നും എസ്.എഫ്.ഐ.ഒ ഡല്‍ഹി ഹൈകോടതിയെ അറിയിച്ചു.
രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും സി.എം.ആർ.എൽ പണം നല്കി. ഇടപാടുകളിലെ നികുതി കാര്യങ്ങള്‍ ആദായ നികുതി ഇന്ററി സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയാലും ക്രമക്കേട് അന്വേഷിക്കാന്‍ എസ്.എഫ്.ഐ.ഒക്ക് നിയമപരമായി അധികാരമുണ്ടെന്നും അഭിഭാഷകന് വാദിച്ചു. കേസിലെ നികുതി സംബന്ധമായ രേഖകൾ എസ്.എഫ്.ഐ.ഒക്ക് കൈമാറിയത് നിയമാനുസൃതമാണെന്നും അതിൽ നിയമ ലംഘനമില്ലെന്നും ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചു. തുടർന്ന് സി.എം.ആർ.എല്ലിന്റെ ഹരജിയിൽ ഉൾപ്പെട്ട കക്ഷികളോട് ഒരാഴ്ചക്കകം വാദങ്ങള്‍ എഴുതി നല്കാന് നിർദേശിച്ച കോടതി എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരായ ഹരജി വിധി പറയാന്‍ മാറ്റി.
ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ വിഷയത്തില്‍ മറ്റൊരു അന്വേഷണം ചട്ടവിരുദ്ധമാണെന്നാണ് സി.എം.ആർ.എല്ലിന്റെ വാദം. കഴിഞ്ഞ തവണ കേസില്‍ വാദം കേള്‍ക്കവേ സി.എം.ആർ.എൽ പണം നല്‍കിയത് ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കാണോ എന്ന് സംശയമുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുവെന്നും എസ്.എഫ്.ഐ.ഒ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, തിങ്കളാഴ്ച ഇതുസംബന്ധിച്ച് പരാമര്‍ശങ്ങളൊന്നും നടത്തിയില്ല. എക്സാലോജിക്കിന് സി.എം.ആർ.എൽ പണം നല്‍കിയത് പ്രമുഖ രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണോയെന്ന് സംശയമുണ്ടെന്ന് എസ്.എഫ്.ഐ.ഒ നേരത്തെ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.