മുഖ്യമന്ത്രിയുടെ വിമർശനം: പൊലീസ് പാസിങ് ഔട്ട് പരേഡ് പരിഷ്കരിച്ചു, ഇനി ഒറ്റ രീതി
text_fieldsതൃശൂർ: മുഖ്യമന്ത്രിയുടെ വിമർശനത്തെ തുടർന്ന് കേരള പൊലീസിന്റെ പാസിങ് ഔട്ട് പരേഡ് രീതി പരിഷ്കരിച്ചു. കേരള പൊലീസിന്റെ എല്ലാ സേനയും വിഭാഗവും ഒരേ രീതിയിലാണ് ഇനി പരേഡ് നടത്തുക. പരേഡ് രീതി പരിഷ്കരിച്ചും ഏകീകരിച്ചും ആഭ്യന്തര വകുപ്പ് പുതിയ ഉത്തവ് പുറപ്പെടുവിച്ചു.
രാവിലെ 8.30ന് പരേഡിലെ മുഖ്യാതിഥി ബഹുമതി നൽകിക്കഴിഞ്ഞുള്ള പരേഡ് പരിശോധനക്ക് ശേഷമാകണം ദേശീയപതാകക്ക് അഭിവാദനം നൽകുന്നത് എന്നതാണ് പുതിയ രീതി. പരേഡ് പരിശോധനക്ക് ശേഷം ഫോർട്ട് ഭാഗത്ത് നിന്ന് വേണം ദേശീയപതാക പരേഡ് മൈതാനത്തിന്റെ മധ്യത്തിലേക്ക് എത്താൻ.
ഈ സമയം ദേശീയ ഗാനം ആലപിക്കണം. സത്യപ്രതിജ്ഞ ചടങ്ങ്, പതാക ഏന്തിയുള്ള മാർച്ച്, വേഗത്തിലും മെല്ലെയുമുള്ള സേനാംഗങ്ങളുടെ മാർച്ച്, റിവ്യൂ, റിപ്പോർട്ട്, സമ്മാനദാനം, മുഖ്യാതിഥിയുടെ പ്രസംഗം, ചടങ്ങ് പിരിച്ചുവിടൽ എന്നിങ്ങനെയാണ് ക്രമം. തുറന്ന ജീപ്പിൽ മുഖ്യാതിഥി പരേഡ് പരിശോധിക്കുമ്പോൾ ബറ്റാലിയൻ എ.ഡി.ജി.പിയോ പൊലീസ് അക്കാദമി ഡയറക്ടറോ അകമ്പടി സേവിക്കണം.
കേരള പൊലീസിന്റെ എല്ലാ തസ്തികയിലുള്ള പാസിങ്ങ് ഔട്ട് പരേഡിനും ഈ രീതി മാത്രമേ ഉപയോഗിക്കാവൂ. സത്യപ്രതിജ്ഞ വേളയിൽ ദേശീയപതാക ഇളക്കരുത്. ദേശീയ പതാകയേന്തിയവർ പരേഡുകാരുടെ ഇടയിലൂടെ നടക്കരുതെന്നും കേരള പൊലീസ് മേധാവി പുറത്തിറക്കിയ പരേഡ് സ്റ്റാൻഡിങ് ഓർഡറിലുണ്ട്. കേരള പൊലീസ്, സി.ആർ.പി.എഫ്, നാഷനൽ പൊലീസ് അക്കാദമി, കർണാടക പൊലീസ് എന്നിവയുടെ പാസിങ് ഔട്ട് രീതികൾ പഠിച്ച് പൊലീസ് ട്രെയിനിങ് അഡീഷനൽ ഡി.ജി.പി ചെയർമാനായ സമിതിയാണ് പുതിയ രീതി തയാറാക്കിയത്.
അക്കാദമിയിൽ കഴിഞ്ഞ മാസം രണ്ടിന് പതിവ് ശൈലിക്ക് വിപരീതമായി കേന്ദ്ര ശൈലിയിൽ പരേഡ് നടത്തിയിരുന്നു. മുഖ്യാതിഥിയായി ഓൺലൈനിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിൽ തന്നെ ഇതിനെ വിമർശിച്ചു.
പതിവില്ലാത്ത രീതി കണ്ടുവെന്നും പരിശീലനം തന്നെ പിഴവുള്ളതായാൽ സേനയെ ആകെ ബാധിക്കുമെന്നും ഇക്കാര്യം പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. കേന്ദ്ര സേനയിൽ നിന്നും ഡെപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനായിരുന്നു അന്ന് പരേഡിന്റെ ചുമതലയിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.