പരാതികൾക്ക് പരിഹാരമില്ലാതെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ
text_fieldsതൃശൂർ: മുഖ്യമന്ത്രി പിണറായി വിജയെൻറ പരാതി പരിഹാര സെല്ലിലെത്തുന്ന പരാതികൾ പലതും പരിഹാരം കാത്തുകിടക്കുന്നു. മകളുടെ ആത്മഹത്യ സംബന്ധിച്ച അന്വേഷണത്തിന് തൃശൂർ കരിക്കകം സ്വദേശിനി ജൂൺ ആറിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതി നൽകിയിരുന്നു. തുടർനടപടിക്കായി കൈമാറിയെന്നും സർക്കാറിലും നിയമത്തിലും താങ്കൾക്ക് വിശ്വസിക്കാമെന്നും മറുപടി ലഭിച്ചിരുന്നു.
പിന്നീട് അനക്കമൊന്നുമില്ല. സമാനമാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലുമെന്നാണ് ആക്ഷേപം. കിട്ടുന്ന പരാതികൾ ആക്ഷേപം നേരിടുന്ന അതേ വകുപ്പിലേക്കാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നയക്കുന്നത്. പരാതിയിൽ എന്ത് നടപടിയെടുത്തെന്ന് തിരിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിക്കേണ്ടതില്ല.
തൃശൂർ മാന്ദാമംഗലത്തെ വനംകൊള്ളയിൽ ഉദ്യോഗസ്ഥ ഇടപെടലുമുണ്ടെന്ന് കണ്ടെത്തി പട്ടിക്കാട് മുൻ ഡെപ്യൂട്ടി റേഞ്ചർ കെ. ശിവൻ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് വിശദാംശങ്ങൾ സഹിതം പരാതി നൽകിയിരുന്നു. നടപടിക്കായി ആരോപണ വിധേയമായ അതേ ഓഫിസിലേക്ക് തന്നെയാണെത്തിയത്. ഇതോടെ പരാതി അയച്ചയാൾക്കെതിരെ മാനസിക പീഡനവുമുണ്ടായി.
തൃശൂരിൽ വിവാദമായ മണൽക്കടത്ത് കേസിൽ ഉദ്യോഗസ്ഥ പീഡനമേറ്റ പൊലീസുദ്യോഗസ്ഥൻ നൽകിയ പരാതിയെത്തിയതും പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന മേലാളന്മാരുടെ കൈയിലെത്തിയതായി പരാതിയുണ്ട്. വിരമിച്ചിട്ടും ഈ ഉദ്യോഗസ്ഥന് നീതി കിട്ടിയില്ലെന്ന് മാത്രമല്ല, അന്ന് ഹൈകോടതി പോലും കുറ്റക്കാരായി കണ്ടെത്തിയ മേലുദ്യോഗസ്ഥർ സുഖമായി വിലസുകയുമാണ്.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ പന്ത്രണ്ടായിരത്തോളം സർക്കാർ ഓഫിസുകളെയാണ് ഈ ഓൺലൈൻ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നത്. എന്നാൽ, പരാതി സെല്ലിൽ ലഭിച്ച്, നടപടികൾക്ക് അതേ വകുപ്പിലേക്കുതന്നെ പോവുന്നത് മാത്രമാണ് നടക്കുന്നത്.
ഉദ്യോഗസ്ഥർ പരാതികളും അഭിപ്രായങ്ങളും നിർദേശങ്ങളും അതത് വകുപ്പ് മേധാവികളെ മാത്രമറിയിക്കാനും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് അയക്കരുതെന്നും വ്യക്തമാക്കി ദിവസങ്ങൾക്ക് മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പരാതി പരിഹാര സെൽ എന്ന ആശയം മികച്ചതാണെങ്കിലും ലഭിച്ച പരാതിയിലെ നടപടി സംബന്ധിച്ച് മറുപടി നൽകാനാവാത്തത് സെല്ലിനെ നോക്കുകുത്തിയാക്കുന്നെന്ന ആക്ഷേപമാണുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.