മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ഇന്ന് കൊല്ലത്ത് തുടക്കം; പൊതുസമ്മേളനങ്ങളില്ല
text_fieldsകൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന 'കേരള പര്യടന'ത്തിന് ഇന്ന് തുടക്കം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മിന്നുന്ന വിജയം നേടിയ കൊല്ലം ജില്ലയിൽ നിന്നാണ് പര്യടനം ആരംഭിക്കുക. എല്ലാ ജില്ലകളിലേയും സാമൂഹിക സാംസ്കാരിക പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
രാവിലെ 10.30ന് കൊല്ലം ബീച്ച് ഓർക്കിഡ് കൺവെൻഷൻ സെന്‍ററില്‍ വെച്ച് ക്ഷണിക്കപ്പെട്ട വിവിധ സാംസ്കാരിക സാമൂഹിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ജില്ലയിലെ പ്രധാന ബിഷപ്പുമാർ, മുസ്‍ലിം മത പണ്ഡിതന്മാർ, കശുവണ്ടി വ്യവസായികൾ, വിവിധ മാനേജ്മെന്‍റ് പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, തുടങ്ങിയവരുമായാണ് കൂടിക്കാഴ്ച നടത്തുക. ഈ വിഭാഗങ്ങളിൽ നിന്ന് 80 പേരാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. മറ്റു പ്രതിനിധികൾ ഉൾപ്പെടെ 125 പേർ ചർച്ചയിൽ പങ്കെടുക്കും.
ഇവരുടെ അഭിപ്രായങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്രോഡീകരിക്കാൻ പ്ലാനിങ് ബോർഡിൽ നിന്നുള്ള അംഗങ്ങളും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടാവും. പൊതുസമ്മേളനം ഉണ്ടാവില്ല. ഒരുമണിവരെ കൊല്ലം ജില്ലയിൽ ചെലവഴിക്കുന്ന മുഖ്യമന്ത്രി അതിനുശേഷം പത്തനംതിട്ടയിലേക്ക് പോകും.
പത്തനംതിട്ടയിൽ 4.30ന് അബാൻ ടവറിൽ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്‌ച കോട്ടയത്തും വ്യാഴാഴ്‌ച തലസ്ഥാന ജില്ലയിലുമാണ്. സമാപന ദിവസമായ 30ന് എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് പര്യടനം. എല്ലാ ജില്ലകളിലും എൽ.ഡി.എഫിന്‍റെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം. കൂടിക്കാഴ്ചയിൽ ഉയർന്നുവരുന്ന അഭിപ്രായ നിർദ്ദേശങ്ങൾ പരിഗണിച്ചാവും 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള എൽ.ഡി.എഫിന്‍റെ പ്രകടനപത്രിക തയ്യാറാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.