രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ -വി.ഡി. സതീശൻ
text_fieldsവയനാട്: രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് ആക്രമിച്ചത് മുകളിൽ നിന്നുള്ള നിർദേശ പ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുലിനെ വയനാട്ടിൽ നിന്ന് തുരത്തണമെന്ന ബി.ജെ.പിയുടെ ആഹ്വാനം നടപ്പാക്കാൻ കേരളത്തിലെ ബി.ജെ.പിക്കാർക്ക് ശേഷിയില്ല. അതിനാൽ ഈ കൊട്ടേഷൻ സി.പി.എം ഏറെറടുത്തിരിക്കുകയാണെന്ന് വി.ഡി സതീശൻ ആരോപിച്ചു.
എം.പി ഓഫീസിലുള്ള മഹാത്മാ ഗാന്ധിയുടെ പടമാണ് അടിച്ചുപൊട്ടിച്ചിരിക്കുന്നത്. അവിടെ വേറെ പലരുടെയും പടമുണ്ട്. അതിലൊന്നും തൊട്ടിട്ടില്ല. കേരളത്തിൽ സംഘപരിവാറുപോലും ചെയ്യാത്ത കാര്യമാണ് സി.പി.എം ചെയ്തത്. ഗാന്ധി ഘാതകർക്ക് ഏറ്റവും സന്തോഷമുള്ള കാര്യം. എന്നിട്ട് സ്വർണ കള്ളക്കടത്തു കേസിൽ അവരുമായി സന്ധി ചെയ്യുക. സ്വർണക്കടത്ത് കേസിലെ അന്വേഷണം സംഘപരിവാറിനെ സന്തോഷിപ്പിച്ച് അവസാനിപ്പിക്കുന്നതിനായി മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്ത ആക്രമണ പദ്ധതിയാണിതെന്നും വി.ഡി. സതീശൻ ആരോപിച്ചു.
ബഫർ സോണും എസ്.എഫ്.ഐയും തമ്മിൽ എന്തുബന്ധമാണുള്ളത്. ബഫർ സോണിൽ സംസ്ഥാന സർക്കാറാണ് വില്ലൻ. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി ഇരുന്ന മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനമാണ് 'കേരളത്തിലെ ദേശീയ ഉദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും അടുത്തുള്ള ഒരു കിലോമീറ്റർദൂരം ബഫർ സോണായി തത്വത്തിൽ അംഗീകരിക്കണമെന്നത്. അതിനെ തുടർന്നാണ് വിധി വരുന്നത്. എന്നിട്ട് അവർ പ്രതിഷേധം നടത്തുകയാണ്. എന്നിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മുഖ്യമന്ത്രി എടുത്ത തീരുമാനത്തിനെതിരെ സി.പി.എം ഇവിടെ ഹർത്താൽ നടത്തി.
അറിയപ്പെടുന്ന ക്രിമിനലുകളെ പാർട്ടി ഓഫീസിന്റെ മുന്നിൽ വിളിച്ചു വരുത്തി നേരത്തെ ആസൂത്രണം നടത്തിയ ആക്രമണമാണിത്. മോദി സർക്കാറിനെ സന്തോഷിപ്പിക്കുന്നതിനുള്ള സംഭവങ്ങളാണ് നടന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
എം.പി ഓഫിസ് ആക്രമണത്തിൽ ഡി.വൈ.എഫ്.ഐക്കാരുമുണ്ടായിരുന്നു. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ഒരാളുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. എന്നിട്ടാണ് ആരും അറിഞ്ഞില്ല എന്ന് പറയുന്നത്.
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയാൽ നമുക്ക് ആ വീട്ടിൽ കയറാൻ സാധിക്കുമോ കൃത്യമായ ദൂരത്ത് പൊലീസ് തടയും. തന്റെ വീട്ടിലേക്ക് മാർച്ച് നടത്തി വീട്ടിൽ അതിക്രമിച്ചു കയറി. എന്തിനാണ് എന്റെ വീട്ടിലേക്ക് മാർച്ച്നടത്തിയത്. താൻ സ്വർണം കടത്തുകയോ ബിരിയാണി ചെമ്പ് ഒളിപ്പിച്ചുവെക്കുകയോ ചെയ്തിട്ടില്ല. എന്നിട്ട് പിടയിലായവരെ ജാമ്യത്തിൽ വിടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ച് പറയുകയാണ്. മുഖ്യമന്ത്രിയുടെ വസതി ആക്രമിച്ചാൽ അവർക്ക് ജാമ്യം ലഭിക്കുമോ?
പ്രതിക്ഷത്തിനെതിരെ കലാപാഹ്വാനം നടക്കുന്നു. തന്റെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തും കാലുവെട്ടും തലവെട്ടും എന്നൊക്കെയാണ് ആക്രോശങ്ങൾ. മുഖ്യമന്ത്രിക്കെതിരെയാണെങ്കിൽ ഇതൊക്കെ നടക്കുമോയെന്നും വി.ഡി. സതീശൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.