മുനമ്പത്തേത് വഖഫ് ഭൂമിയെന്ന രേഖകളുമായി ബോർഡ്; ഭൂമിയുടെ നാൾവഴികൾ വിശദീകരിച്ചത് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ
text_fieldsതിരുവനന്തപുരം: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് രേഖകൾ നിരത്തി വഖഫ് ബോർഡ്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ. സക്കീറാണ് ഭൂമിയുടെ നാൾവഴികൾ രേഖകളുടെ പിൻബലത്തിൽ വിശദീകരിച്ചത്. വഖഫ് ഭൂമി തട്ടിയെടുത്ത രേഖകൾ ഉൾപ്പെടെ ഹാജരാക്കിയാണ് പ്രശ്നത്തിന്റെ പശ്ചാത്തലം ചെയർമാൻ യോഗത്തിൽ അവതരിപ്പിച്ചത്.
വഖഫ് ഭൂമി ആയിരിക്കുമ്പോഴും ഭൂമി വാങ്ങി വർഷങ്ങളായി താമസിക്കുന്നവരുടെ പ്രശ്നം തീർപ്പാക്കാനുള്ള നിയമ വഴി അന്വേഷിക്കണമെന്ന യോഗത്തിലെ അഭിപ്രായ പ്രകാരമാണ് കമീഷൻസ് ഓഫ് എൻക്വയറി ആക്ട് പ്രകാരം ഹൈകോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമീഷനായി നിയമിക്കാൻ തീരുമാനിച്ചത്.
ഭൂമി വഖഫ് ആണോ എന്നതിൽ പരിശോധനയുണ്ടാകില്ല. അക്കാര്യത്തിൽ വ്യക്തത വരുത്തി കോടതി വിധികളുണ്ടെന്ന് യോഗം വിലയിരുത്തി. പകരം ഭൂമി കൈവശമുള്ള അർഹരായ മുഴുവൻ ആളുകളുടെയും നിയമപരമായ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കാൻ കഴിയുമെന്ന് പരിശോധിക്കാനാണ് കമീഷനെ നിയോഗിക്കാൻ തീരുമാനിച്ചത്. കമീഷന്റെ ടേംസ് ഓഫ് റഫറൻസ് നിശ്ചയിച്ച ഉത്തരവ് ഉടൻ ഇറങ്ങും.
മുനമ്പത്ത് ആരെയും കുടിയൊഴിപ്പിക്കാൻ നോട്ടീസ് നൽകിയിട്ടില്ലെന്ന് യോഗത്തിൽ ചെയർമാൻ വിശദീകരിച്ചതായി മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
വാണിജ്യ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. കൈവശം വെക്കുന്ന ഭൂമിയുടെ രേഖ ഹാജരാക്കണമെന്നാണ് നോട്ടീസ്. വേറെ സ്ഥലങ്ങളിൽ വഖഫ് ആധാരമുള്ള സ്ഥലങ്ങൾ കൈയേറി താമസിക്കുന്നവർക്കാണ് നോട്ടീസ് നൽകുന്നത്. അത് വർഷങ്ങളായി തുടർന്നുവരുന്ന നടപടിക്രമമാണ്. വഖഫ് ബോർഡിന്റെ ചുമതലയും അതാണ്. മറ്റ് സ്ഥലങ്ങളിൽ നോട്ടീസ് നൽകിയത് മുനമ്പത്തെ വിഷയത്തോട് കൂട്ടിക്കുഴക്കേണ്ടതില്ലെന്നും വഖഫ് ചുമതലയുള്ള മന്ത്രി അബ്ദുറഹിമാൻ വ്യക്തമാക്കി.
മുനമ്പം ഭൂമിയുടെ ചരിത്ര പശ്ചാത്തലം, നിയമപരമായ വശങ്ങൾ, നിലവിൽ ഹൈകോടതി, വഖഫ് ട്രൈബ്യൂണൽ എന്നിവിടങ്ങളിലുള്ള കേസുകൾ തുടങ്ങിയവ ഉൾപ്പെടെ പരിശോധിച്ച യോഗം ഒന്നേമുക്കാൽ മണിക്കൂർ നീണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.