1.62 കോടി തട്ടിയ സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: നിക്ഷേപ രസീതുകൾ വ്യാജമായി നിർമിച്ച് 1.62 കോടി തട്ടിയ സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ അറസ്റ്റിൽ. കിഴുവിലം സർവിസ് സഹകരണ ബാങ്ക് കൊച്ചാലുംമൂട് ബ്രാഞ്ചിലെ മാനേജർ-ഇൻ ചാർജ് കടയ്ക്കാവൂർ മണ്ണാത്തിമൂല ഗുരുവിഹാർ ‘ഭാഗ്യ’യിൽ അജയകുമാറിനെയാണ് തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഈ വർഷം മാർച്ച് വരെ കാലയളവിൽ ഇയാൾ കിഴുവിലം സർവിസ് സഹകരണ ബാങ്ക് പുരവൂർ ബ്രാഞ്ചിലും കൊച്ചാലുമ്മൂട് ബ്രാഞ്ചിലും ജോലി ചെയ്തിരുന്നു. ഈ സമയത്ത് ബാങ്ക് രേഖകളിലും കമ്പ്യൂട്ടർ സംവിധാനത്തിലും കൃത്രിമത്വം കാണിച്ച് അക്കൗണ്ട് ഹോൾഡർമാരുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റിന്റെ മാതൃകയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിക്കുകയും വ്യാജ ഒപ്പുകൾ ഇട്ട് ലോൺ അനുവദിച്ച് പണം തട്ടുകയുമായിരുന്നു.
ധനകോടി ചിട്ടി തട്ടിപ്പ്; കേസന്വേഷണം ക്രൈംബ്രാഞ്ചിന്
കൽപറ്റ: സുൽത്താൻ ബത്തേരി ആസ്ഥാനമായുള്ള ധനകോടി ചിറ്റ്സ്, ധനകോടി നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. കഴിഞ്ഞദിവസം ഇതുസംബന്ധിച്ചുള്ള ഉത്തരവ് സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ചു. കണ്ണൂർ, വയനാട് ജില്ലകളിൽനിന്നുള്ള പരാതിയിലുള്ള കേസുകളാണ് അന്വേഷിക്കുക. നിലവിൽ രണ്ടു ജില്ലകളിലായി നൂറോളം പരാതിയുണ്ട്.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലായി 22 ബ്രാഞ്ചുകളാണ് ധനകോടി ചിറ്റ്സിനുള്ളത്. ഇവിടെ കോടികളുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. നിലവിൽ ധനകോടി ചിറ്റ്സ് മുൻ എം.ഡി. യോഹന്നാൻ മറ്റത്തിൽ, ഡയറക്ടർമാരായ സജി സെബാസ്റ്റ്യൻ, ജോർജ് എന്നിവർ റിമാൻഡിലാണ്. ഏപ്രിൽ അവസാനം ധനകോടി ചിറ്റ്സിന്റെ ഓഫിസുകളും ബ്രാഞ്ചുകളും പൂട്ടി ഉടമയും ഡയറക്ടർമാരും ഒളിവിൽ പോയതോടെയാണ് ഇടപാടുകാർ തട്ടിപ്പ് അറിയുന്നത്. ശമ്പളവും ആനുകൂല്യങ്ങളും മാസങ്ങളായി ലഭിക്കുന്നില്ലെന്നാരോപിച്ച് ജീവനക്കാരും പ്രതിഷേധവുമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.