പുത്തിഗെ മുഗു സഹകരണ ബാങ്കിൽ 50 കോടിയുടെ ക്രമക്കേട്
text_fieldsകാസർകോട്: പുത്തിഗെ മുഗു സർവിസ് സഹകരണ ബാങ്കിൽ 50 കോടി രൂപയുടെ വായ്പ ക്രമക്കേട് നടന്നിട്ടുണ്ടെന്നും തുക തിരിച്ചുപിടിക്കാനുള്ള നടപടി ആരംഭിച്ചതായും കേരള ബാങ്ക് നിയോഗിച്ച സി.ഇ.ഒ ബി. വിജയൻ, ബാങ്ക് പ്രസിഡൻറ് പി. വെങ്കിട്ടരമണഭട്ട് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബാങ്കിനെതിരെ ആക്ഷൻ കമ്മിറ്റിയെന്നപേരിൽ നടത്തുന്ന പ്രചാരണം വായ്പ തിരിച്ചടക്കാതിരിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ്. അത്തരക്കാർക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ഇരുവരും പറഞ്ഞു.
2013 മുതലാണ് നിബന്ധനകൾ പാലിക്കാതെ വായ്പകൾ നൽകിയത്. മുൻ ബാങ്ക് പ്രസിഡൻറ്, സെക്രട്ടറി എന്നിവരടക്കം അഞ്ചരക്കോടി രൂപ വായ്പയെടുത്തുവെങ്കിലും തിരിച്ചടച്ചില്ല. മതിയായ ഈട് ബാങ്കിൽ നൽകാതെയാണ് വായ്പയെടുത്തത്. മുൻ പ്രസിഡൻറ് നാരായണൻ നമ്പ്യാരുടെ മാതാവ്, ഭാര്യ, മക്കൾ, സഹോദരി തുടങ്ങി അഞ്ചുപേർക്കും മുൻ സെക്രട്ടറി ശങ്കരനാരായണനും വായ്പ നൽകുകയായിരുന്നു. പ്രസിഡൻറിെൻറ കുടുംബത്തിന് 50 ലക്ഷം രൂപ വരെയാണ് മാനദണ്ഡങ്ങൾ പാലിക്കാതെ അനുവദിച്ചത്. മുൻ സെക്രട്ടറിയുടെ പേരിൽതന്നെ മൂന്ന് കോടി രൂപയോളം കുടിശ്ശിക വരുത്തിയിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച് കാസർകോട് ഡിവൈ.എസ്.പിക്കും വിജിലൻസ് വിഭാഗത്തിനും പരാതി നൽകിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ബാങ്ക് സെക്രട്ടറി ഇൻ ചാർജ് കെ.വി. ശോഭിത, പുരുഷോത്തമ കുളാൽ, എസ്.നവീൻകുമാർ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.