സഹ.ബാങ്കുകളിലെ വായ്പ കുടിശ്ശിക 23,565 കോടി
text_fieldsതൊടുപുഴ: സംസ്ഥാനത്തെ സഹ.ബാങ്കുകളിൽ നിലവിലുള്ളത് 23,565 കോടിയുടെ വായ്പ കുടിശ്ശിക. ആസൂത്രണ ബോർഡിന്റെ 2022ലെ കണക്കുപ്രകാരം ആകെയുള്ള 1644 സഹ.ബാങ്കുകളിൽ 1576 എണ്ണമാണ് വായ്പകൾ നൽകുന്നത്. ആകെയുള്ള 3.72 കോടി അംഗങ്ങളിൽ 1.99 കോടി പേരും വായ്പയെടുത്തിട്ടുണ്ട്. 1,39,461 കോടി നിക്ഷേപവും 1,08,988 കോടി വായ്പകളുമാണ് നൽകിയിരിക്കുന്നത്. പ്രാഥമിക കാർഷിക വായ്പ സംഘം എന്നാണ് പേരെങ്കിലും 86 ശതമാനം വായ്പകളും നൽകിയിരിക്കുന്നത് കാർഷികേതര ആവശ്യങ്ങൾക്കാണ്. 20,367 കോടി കാർഷിക മേഖലയിൽ നൽകിയപ്പോൾ 87,966 കോടി കാർഷികേതര ആവശ്യങ്ങൾക്കാണ് നൽകിയത്.
2022ൽ അവസാനിച്ച സാമ്പത്തിക വർഷം ലാഭത്തിൽ പ്രവർത്തിക്കുന്ന 794 സംഘങ്ങൾ ചേർന്ന് 742 കോടിയാണ് ലാഭമുണ്ടാക്കിയത്. നഷ്ടത്തിലായ 787 സംഘങ്ങൾ 3682 കോടിയുടെ നഷ്ടമുണ്ടാക്കിയതായും കണക്കുകൾ വ്യക്തമാക്കുന്നു. സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകുമ്പോഴും 30 വർഷങ്ങൾക്ക് മുമ്പ് പ്രശ്നമുണ്ടായ ഇളങ്ങുളം ബാങ്ക് മുതൽ മൂന്നു വർഷം മുമ്പ് പ്രശ്നത്തിലായ കരുവന്നൂരിലും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്ന പല ക്ലാസ് വൺ സൂപ്പർ േഗ്രഡ് ബാങ്കുകളിലും നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടിയില്ല.
തട്ടിപ്പുകൾ നടക്കുന്നതിനു പ്രധാന കാരണം വായ്പക്കായി ഈടുവെക്കുന്ന ഭൂമിയുടെ മൂല്യം നിശ്ചയിക്കുന്നതിലെ പിഴവാണ്. വാണിജ്യ ബാങ്കുകളിൽ അംഗീകൃത വാല്യുവർമാരാണ് വസ്തുവിന്റെ മൂല്യം നിശ്ചയിക്കുന്നത്. അംഗീകൃത വാല്യുവർമാർ ഇടുന്ന തുകയുടെ 60 മുതൽ 75 വരെയാണ് വായ്പ നൽകുന്നത്.എന്നാൽ, സഹ.ബാങ്കുകളിൽ ഈടുവസ്തുക്കളുടെ വില നിശ്ചയിക്കുന്നത് നിശ്ചിത യോഗ്യതകളൊന്നുമില്ലാത്ത ബാങ്ക് ബോർഡ് അംഗങ്ങളാണ്. രജിസ്േട്രഷൻ വകുപ്പ് നിശ്ചയിച്ച ന്യായവിലയെങ്കിലും അടിസ്ഥാനമാക്കിയായിരിക്കണം ഈടുവസ്തുക്കളുടെ മൂല്യം നിശ്ചയിക്കേണ്ടത്. ഡയറക്ടർമാർ വായ്പക്കാരൻ ആഗ്രഹിക്കുന്ന തുകയാണ് ജാമ്യവസ്തുവിെൻറ വിലയായി നിശ്ചയിച്ചിരിക്കുന്നത്.
വകുപ്പ് ജീവനക്കാരാൽ സമൃദ്ധം
തൊടുപുഴ: ഏറ്റവും മുകളിലെ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരടക്കം 3783 ജീവനക്കാരാൽ സമൃദ്ധമാണ് സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലുള്ള സഹകരണ വകുപ്പ്. സഹ.സ്ഥാപനങ്ങളെ നിരീക്ഷിക്കാനും നേർവഴിക്ക് നയിക്കാനും സംസ്ഥാനത്തൊട്ടാകെ 77 അസി. രജിസ്ട്രാർ/അസി. ഡയറക്ടർ ഓഫിസുകളും വകുപ്പിനുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് കീഴിൽ ഒരു രജിസ്ട്രാർ ഓഫ് കോഓപറേറ്റിവ് സൊസൈറ്റീസ്, രണ്ട് ഡയറക്ടർ ഓഫ് കോഓപറേറ്റിവ് ഓഡിറ്റ്, ഫസ്റ്റ് ക്ലാസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പദവിയിലുള്ള ഒരു ൈട്രബ്യൂണൽ, ഒരു കോഓപറേറ്റിവ് ഓംബുഡ്സ്മാൻ, ആർബിേട്രഷൻ കോടതിയിലെ പ്രിസൈഡിങ് ഓഫിസർമാർ രണ്ട്, 11 അഡീഷനൽ രജിസ്ട്രാർമാർ, ഒരു ഫിനാൻസ് ഓഫിസർ, ഒരു ലോ ഓഫിസർ, 55 ജോയന്റ് രജിസ്ട്രാർ/ജോയന്റ് ഡയറക്ടർ, 46 ഡെപ്യൂട്ടി രജിസ്ട്രാർമാർ, ഒരു ഇ.ആർ.പി.ഒ, 370 അസി. രജിസ്ട്രാർമാർ, ഒരു എ.ആർ ട്രസ്റ്റി, ഒരു റിസർച് ഓഫിസർ, രണ്ടു പി.എമാർ, 165 സ്പെഷൽ േഗ്രഡ് ഓഡിറ്റർമാർ/ഇൻസ്പെക്ടർമാർ, 1187 സീനിയർ ഇൻസ്പെക്ടർമാർ, 1124 ജൂനിയർ ഇൻസ്പെക്ടർമാർ, 273 ക്ലർക്കുമാർ, 539 മറ്റ് ജീവനക്കാർ എന്നിവരടങ്ങുന്ന സംഘമാണുള്ളത്. മികച്ച സേവനം എങ്ങനെ കാഴ്ചവെക്കാം എന്ന് പരിശീലനം നൽകുന്നതിനു ദേശീയ തലത്തിൽ തന്നെ 10 സ്ഥാപനങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.