സഹകരണ ബാങ്കുകളിലെ സുരക്ഷ വീഴ്ച വരുത്തിയാൽ ഉത്തരവാദിത്തം ഭരണസമിതിക്ക്
text_fieldsമലപ്പുറം: സഹകരണ ബാങ്ക് ശാഖകളിൽ സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചവരുത്തിയാൽ ഉത്തരവാദിത്തം ഭരണസമിതിക്കും സെക്രട്ടറിക്കുമായിരിക്കുമെന്ന് സർക്കാർ.
മതിയായ സുരക്ഷ ഏർപ്പെടുത്താതെ ബാങ്കുകൾ സ്വർണപ്പണയ ഇടപാട് നടത്തുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇടപെട്ട് ഉടൻ നിർത്തിവെപ്പിക്കണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ജനുവരി ഏഴിന് സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ് ഇറക്കിയ ഉത്തരവിൽ പറയുന്നു.
പലതവണ നിർദേശം നൽകിയിട്ടും ചില ബാങ്കുകളും സഹകരണ സംഘങ്ങളും ഒരു സുരക്ഷയും ഏർപ്പെടുത്തിയിട്ടില്ല. ബാങ്ക്, എ.ടി.എം കവർച്ചകൾ തടയാൻ സുരക്ഷ സംവിധാനം ശക്തമാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി സഹകരണ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. ബാങ്കുകൾ നിർബന്ധമായും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം. ആർ.ബി.ഐ നിർദേശിച്ച രീതിയിലുള്ള സ്ട്രോങ് റൂം, സ്ട്രോങ് റൂം കവാടം, പ്രവേശന കവാടം, ചുറ്റുമതിൽ, രഹസ്യ കാമറ, വെബ് കാമറ, സെക്യൂരിറ്റി അലാറം എന്നിവ സജ്ജമാക്കണം.
കൈവശം വെക്കുന്ന തുകക്കും സ്വർണാഭരണങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണം.ഗോൾഡ് സ്റ്റോക്ക് അതത് ദിവസം എഴുതി പൂർത്തിയാക്കി സാക്ഷ്യപ്പെടുത്തണം. ഗ്ലാസ് തകർന്നാൽ വിവരം കൈമാറുന്ന ഗ്ലാസ് ബ്രേക്ക് സെൻസർ, നുഴഞ്ഞുകയറ്റം തടയാനുള്ള മോഷൻ സെൻസർ, തീ സാന്നിധ്യമറിയാൻ സഹായിക്കുന്ന സ്മോക്ക് സെൻസർ, അതിസൂക്ഷ്മ ചിത്രം ഒപ്പിയെടുക്കുന്ന 5 ഡി സെൻസർ, ഡിജിറ്റൽ വോയ്സ് റെക്കോഡിങ്ങിനുള്ള ടൂവേ ഓഡിയോ സിസ്റ്റം, ഇൻട്ര്യൂഷൻ അലാറം പാനൽ, എ.ടി.എം മെഷീൻ ഉയർത്താൻ ശ്രമിച്ചാൽ അലാറം പുറപ്പെടുവിക്കുന്ന ടാംപർ അലർട്ട് എന്നിവ സാഹചര്യവും പ്രായോഗികതയും വിലയിരുത്തി ബാങ്കുകളിൽ ഉടൻ ഏർപ്പെടുത്തണം. നിർദേശം ബാങ്കുകൾ പാലിക്കുന്നെന്ന് ജോയന്റ് രജിസ്ട്രാർ (ജനറൽ) ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.