ആദ്യം സർവകക്ഷി സംഘം ഡൽഹിയിലേക്ക്; പിന്നീട് സംയുക്ത സമരം -യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: സഹകരണ പ്രശ്നത്തിൽ എൽ.ഡി.എഫുമായി യോജിച്ച് പ്രവർത്തിക്കാൻ യു.ഡി.എഫ് യോഗത്തിൽ ധാരണ. പ്രശ്നപരിഹാരത്തിനായി ഡൽഹിക്ക് പോകുന്ന സർവകക്ഷി സംഘത്തിൽ യു.ഡി.എഫ് പ്രതിനിധികളും ഭാഗമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചെന്നിത്തല തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.
ചൊവ്വാഴ്ച നിയമസഭയിൽ എൽ.ഡി.എഫുമായി ചേർന്ന് വിഷയത്തിൽ യോജിച്ച പ്രമേയം പാസാക്കും. സഹകരണ സംഘം ജീവനക്കാർ യോജിച്ച പ്രക്ഷോഭം നടത്തും. സർവകക്ഷി സംഘം ഡൽഹിയിലെത്തിയിട്ടും പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ വീണ്ടും യു.ഡി.എഫ് യോഗം ചേർന്ന് സംയുക്ത സമരം അടക്കമുള്ള ഭാവി പരിപാടികൾ ആലോചിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
എൽ.ഡി.എഫുമായുള്ള യോജിച്ച പ്രക്ഷോഭത്തെ കുറിച്ചു മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് രാമായണം മുഴുവൻ വായിച്ച് സീത ആരാണെന്ന് ചോദിക്കുന്നതിന് തുല്യമാണിതെന്ന് ചെന്നിത്തല പ്രതികരിച്ചു.
നോട്ട് പ്രശ്നത്തില്‍ സംസ്ഥാനത്തെ സഹകരണ മേഖല പ്രതിസന്ധിയിലായ സാഹചര്യത്തിൽ പ്രതിഷേധ സൂചകമായി മുഖ്യമന്ത്രിയും മന്ത്രിമാരും റിസർവ് ബാങ്കിന് മുമ്പിൽ കഴിഞ്ഞ ദിവസം പകല്‍ സത്യഗ്രഹം നടത്തിയിരുന്നു. സത്യഗ്രഹത്തിന് പിന്തുണ നല്‍കിയ യു.ഡി.എഫില്‍ കോണ്‍ഗ്രസിലെ വ്യത്യസ്ത സ്വരമാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്.
കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സര്‍ക്കാര്‍ നടപടിക്ക് പിന്തുണ നല്‍കിയപ്പോള്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ എതിർ നിലപാട് പ്രകടിപ്പിച്ചു. യു.ഡി.എഫ് അധികാരത്തിലുള്ള സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ നീക്കം നടത്തുന്ന എൽ.ഡി.എഫുമായി ചേർന്ന് സംയുക്ത സമരം വേണ്ടെന്ന നിലപാടാണ് സുധീരൻ സ്വീകരിച്ചത്.
എന്നാൽ, കക്ഷി രാഷ്ട്രീയം മാറ്റിവെച്ച് സഹകരണ മേഖലയെ സംരക്ഷിക്കാന്‍ യോജിച്ച പ്രക്ഷോഭം വേണമെന്ന് യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ മുസ് ലിം ലീഗ് പ്രഖ്യാപിച്ചതോടെ മുന്നണിയിലെ അഭിപ്രായ ഭിന്നത പുറത്തായി. ഇതേതുടർന്ന് യു.ഡി.എഫ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.