ഗ്രാമീണ ജനതയെ ബാങ്കിങ് പഠിപ്പിച്ചത് സഹകരണ മേഖല -മുഖ്യമന്ത്രി
text_fieldsകാഞ്ഞങ്ങാട്: ആഗോളീകരണത്തെ ചെറുക്കുന്ന ബദൽ മാർഗമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനമെന്നും സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊടക്കാട് ബാങ്ക് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ ബാങ്കിങ് സംവിധാനം പരിചയപ്പെടുത്തിയത് സഹകരണ മേഖലയാണ്. ദേശസാത്കൃത ബാങ്കുകൾ എത്താത്ത എല്ലാ ഗ്രാമങ്ങളിലും സഹകരണ ബാങ്കുകൾ ജനങ്ങളെ സഹായിക്കുന്നു. കേവലം പലിശ പിടുങ്ങാനല്ല. നാട്ടുകാരെ സഹായിക്കാനാണ്. സഹകരണ മേഖലയിൽ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ ക്രെഡിറ്റ് മേഖല കേരളത്തിന്‍റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില ഘട്ടങ്ങളിൽ അത് വിനയായി മാറിയിട്ടുണ്ട്. ചിലർക്ക് അസൂയ ഉണ്ടാകുന്നു. അസൂയ മനുഷ്യരിൽ മാത്രമല്ല, ചില സ്ഥാപനങ്ങളിലും ഉണ്ടാകുമെന്നാണ് അനുഭവം. സഹകരണ മേഖലക്ക് നേരത്തേ വലിയ പിന്തുണയാണ് രാജ്യം നൽകിയിരുന്നത്. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽനെഹ്റു വലിയ പിന്തുണ നൽകി. പൊതുമേഖല സ്ഥാപനങ്ങൾക്കും വലിയ പിന്തുണ ലഭിച്ചു. രാജ്യം ആഗോളീകരണനയം അംഗീകരിച്ചപ്പോൾ വലിയ മാറ്റങ്ങൾ വന്നു. ആഗോളീകരണത്തിനു ശേഷം സഹകരണ മേഖലക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചു.
സഹകരണ മേഖലയെ തകർക്കുന്ന സമീപനം കേരളത്തിലെ സഹകരണ മേഖല ഒന്നായി എതിർത്തു. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങളുള്ളവരും ഒരേ നിലപാടാണ് സ്വീകരിച്ചത്. ക്രെഡിറ്റ് മേഖല ശക്തമാണ്. ബാങ്ക് എന്നപദം ഉപയോഗിക്കരുതെന്ന് നേരത്തേ ചിന്ത തുടങ്ങിയതാണ്. ഇപ്പോൾ അത് ശക്തമായിരിക്കുന്നു. നമുടെ സഹകരണ മേഖല സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യുന്ന വിഷയമാണ്. കേന്ദ്ര സർക്കാർ സഹകരണ മന്ത്രാലയം രൂപവത്കരിച്ചു. സഹകരണ മേഖലയിൽ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.