സഹകരണസംഘം ഭരണസമിതി അംഗങ്ങളെ രജിസ്ട്രാർക്ക് അയോഗ്യരാക്കാം -ഹൈകോടതി
text_fieldsകൊച്ചി: സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങളെ അയോഗ്യരാക്കാൻ രജിസ്ട്രാർക്ക് അധികാരമുണ്ടെന്ന് ഹൈകോടതി. അയോഗ്യത തീരുമാനിക്കാൻ ആർബിട്രേഷൻ കോടതിക്ക് അധികാരം നൽകുന്ന വ്യവസ്ഥ, അംഗങ്ങളെ അയോഗ്യരാക്കാൻ സഹകരണ രജിസ്ട്രാർക്കുള്ള അധികാരമില്ലാതാക്കുന്നില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഫുൾബെഞ്ച് ഉത്തരവ്. വായ്പാ കുടിശ്ശികയുടെ പേരിൽ തന്നെ അയോഗ്യയാക്കിയതിനെതിരെ കൊല്ലം ജില്ലയിലെ പെരുമ്പുഴ പുനകന്നൂർ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം ജലജ ഗോപൻ നൽകിയ അപ്പീലാണ് ഫുൾബെഞ്ച് പരിഗണിച്ചത്.
സഹകരണ നിയമപ്രകാരം ഭരണസമിതി അംഗത്തെ അയോഗ്യനാക്കാൻ ആർബിട്രേഷൻ കോടതിക്കാണ് അധികാരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരി ഹൈകോടതിയെ സമീപിച്ചത്. ഹരജി സിംഗിൾ ബെഞ്ച് തള്ളിയതിനെത്തുടർന്നാണ് അപ്പീൽ നൽകിയത്. ഈ വിഷയത്തിൽ വിവിധ ബെഞ്ചുകൾ നേരത്തേ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതിനാൽ ഫുൾബെഞ്ചിന് വിടുകയായിരുന്നു.
ഭരണസമിതി തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനകം നൽകുന്ന പരാതിയിൽ ആർബിട്രേഷൻ കോടതിക്ക് സഹകരണ നിയമപ്രകാരം അയോഗ്യത തീരുമാനിക്കാമെന്ന് വ്യവസ്ഥയുണ്ടെന്ന് കോടതി പറഞ്ഞു. എന്നാൽ, ഈ വ്യവസ്ഥ അംഗങ്ങളെ അയോഗ്യരാക്കാൻ സഹകരണ രജിസ്ട്രാർക്കുള്ള അധികാരം ഇല്ലാതാക്കുന്നില്ല. കുടിശ്ശിക അടക്കാൻ ഒരു മാസത്തെ സാവകാശം നൽകി ഭരണസമിതി അംഗത്തിന് നോട്ടീസ് നൽകണമെന്നും സമയപരിധിക്കുള്ളിൽ അടച്ചില്ലെങ്കിൽ സഹകരണ ചട്ടത്തിലെ സെക്ഷൻ 42 (2) (സി) പ്രകാരം അയോഗ്യനാക്കണമെന്നുമാണ് വ്യവസ്ഥ. ഇങ്ങനെ അയോഗ്യത കൽപിക്കാൻ രജിസ്ട്രാർക്കാണ് അധികാരമെന്ന് ഫുൾബെഞ്ച് വ്യക്തമാക്കി. സമയപരിധിക്കുശേഷം കുടിശ്ശിക അടച്ചാലും അയോഗ്യത നിലനിൽക്കുമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ വിയോജിപ്പോടെ കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.