കൽക്കരി അധിഷ്ഠിത വൈദ്യുതി; താൽപര്യപത്രം ക്ഷണിച്ച് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: 500 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ കൽക്കരി കേന്ദ്രം അനുവദിച്ചതിന് പിന്നാലെ കൽക്കരി സ്ഥാപനങ്ങളിൽനിന്ന് കെ.എസ്.ഇ.ബി താൽപര്യപത്രം ക്ഷണിച്ചു. കോൾ ഇന്ത്യയുടെ ഏതെങ്കിലും കൽക്കരിപ്പാടത്തിൽ നിന്നായിരിക്കും ജി-13 ഗ്രേഡിലുള്ള കൽക്കരി ലഭ്യമാവുക. ശക്തി ബി 4 പദ്ധതിയുടെ ഭാഗമായി ദീർഘകാല വൈദ്യുതോൽപാദനത്തിനാണ് കൽക്കരി (കോൾ ലിങ്കേജ്) ലഭിക്കുന്നത്.
കേന്ദ്ര കൽക്കരി മന്ത്രാലയത്തിന്റെ അനുമതി വഴി കുറഞ്ഞ വിലയ്ക്ക് 500 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകും. ഇതിനായി രാജ്യത്തെ നിലവിലുള്ളതോ നിർമാണത്തിലിരിക്കുന്നതോ ആയ കൽക്കരി നിലയങ്ങളിൽനിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള കരാറിൽ സംസ്ഥാനം ഏർപ്പെടേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം താൽപര്യപത്രം ക്ഷണിച്ചത്. 2025 ആഗസ്റ്റോടെ ഇതുപ്രകാരം വൈദ്യുതി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിന് പരിമിതികൾ ഉള്ളതിനാൽ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ നേരിടുകയാണെന്നും ഇതു പരിഹരിക്കാൻ 500 മെഗാവാട്ട് വൈദ്യുതി അടിയന്തരമായി ലഭ്യമാക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 2031-32 ഓടെ 80 ജിഗാവാട്ട് വൈദ്യുതി കൽക്കരിയിൽനിന്ന് ഉൽപാദിപ്പിക്കുന്നതിനാണ് കേന്ദ്ര വൈദ്യുതി മന്ത്രാലയം ലക്ഷ്യമിടുന്നത്. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി തയാറാക്കിയ റിസോഴ്സ് അഡെക്വസി പ്ലാൻ അനുസരിച്ച് കേരളത്തിന് 2031-32 ഓടെ 1473 മെഗാവാട്ടിന്റെ കൽക്കരി അധിഷ്ഠിത വൈദ്യുതി അധികമായി ആവശ്യമായിവരും. നിലവിലെ ലഭ്യത 400 മെഗാവാട്ടാണ്. ശക്തി ബി4 പദ്ധതിയുടെ ഭാഗമായി കേരളത്തിന് കോൾ ലിങ്കേജ് അനുവദിക്കാവുന്നതാണെന്ന് സെൻട്രൽ ഇലക്ട്രിസിറ്റി ഏജൻസിയും നിതി ആയോഗും ശിപാർശ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.