തീരദേശ നിയന്ത്രണ മേഖല നിയമ ഭേദഗതി കടലാസിൽതന്നെ; ഉറക്കംകെട്ട് തീരദേശവാസികൾ
text_fieldsകോഴിക്കോട്: സർക്കാർ ആനുകൂല്യങ്ങൾപോലും ഉപയോഗപ്പെടുത്താൻ കഴിയാതെ തീരദേശവാസികൾ പൊറുതിമുട്ടുമ്പോഴും തീരദേശ നിയന്ത്രണ മേഖല (കോസ്റ്റൽ റെഗുലേഷൻ സോൺ-സി.ആർ.ഇസെഡ്) നിയമ ഭേദഗതി കടലാസിൽതന്നെ.
തീരസംരക്ഷണവുമായി ബന്ധപ്പെട്ട് ഒരേ നിയമമാണ് രാജ്യം മുഴുവൻ നടപ്പാക്കുന്നതെങ്കിലും കേരളത്തിൽ നിലനിൽക്കുന്ന ചില പ്രത്യേക സാഹചര്യങ്ങളിൽ ഭേദഗതി വരുത്തുമെന്ന കേന്ദ്ര പ്രഖ്യാപനം മാറ്റമില്ലാതെ തുടരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് കുടുംബങ്ങൾ സുരക്ഷിതമായ കിടപ്പാടംപോലുമില്ലാത്ത അവസ്ഥയിലായി.
സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാൻ പലതവണ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനക്കമില്ല. കേന്ദ്ര ഫിഷറീസ് മുൻ മന്ത്രി പർഷോത്തം രൂപാല നിയമഭേദഗതി ഉടനുണ്ടാകുമെന്ന് സംസ്ഥാന സന്ദർശനവേളയിൽ നാട്ടികയിൽ പ്രഖ്യാപിച്ചതുകേട്ട് തീരദേശവാസികൾ ആശ്വസിച്ചെങ്കിലും നടപ്പായില്ല.
ലൈഫ് പദ്ധതിയുൾപ്പെടെ ആനുകൂല്യങ്ങൾ ലഭിച്ചവരാണ് തീരദേശ നിയന്ത്രണ മേഖല കടമ്പയിൽപെട്ട് ദുരിതം അനുഭവിക്കുന്നത്. തീരദേശ എം.എൽ.എമാരുടെ നിരന്തര ഇടപെടലിനെ തുടർന്ന് സംസ്ഥാനതലത്തിൽ തിരുവനന്തപുരത്ത് മാത്രം പ്രവർത്തിച്ചിരുന്ന കേരള തീരദേശ പരിശീലന അതോറിറ്റിയുടെ ഓഫിസ് ഇപ്പോൾ ജില്ലതലത്തിൽ പ്രവർത്തിക്കാൻ കേന്ദ്രസർക്കാറിന്റെ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും സി.ആർ.ഇസെഡ് നിയമ ഭേദഗതി വരാത്തതിനാൽ പ്രയോജനമില്ലാത്ത അവസ്ഥയാണ്.
കടലിൽനിന്ന് 200 മീറ്ററും പുഴയിൽനിന്ന് 100 മീറ്ററുമാണ് സംരക്ഷണ മേഖല. സംസ്ഥാനത്തിന്റെ 600 കിലോമീറ്റർ തീരപ്രദേശമായതിനാൽ ഈ നിയമമനുസരിച്ച് പഴയ വീടുകൾ പുതുക്കിപ്പണിയാനോ പുതിയത് നിർമിക്കാനോ കഴിയാത്ത അവസ്ഥയാണ്. കടലിനോടും പുഴയോടും തോടിനോടും ചേർന്നുകിടക്കുന്ന ഭൂമിയിൽ വീട് നിർമിക്കണമെങ്കിൽ തദ്ദേശ സ്ഥാപനത്തിന്റെ അനുമതി കൂടാതെ സി.ആർ.ഇസെഡ് ക്ലിയറൻസും ആവശ്യമാണ്.
തീരപ്രദേശത്തുജീവിക്കുന്ന മത്സ്യമേഖലയിൽ ഉൾപ്പെടുന്നവരുടെയും തദ്ദേശവാസികളുടെയും ജീവിതസുരക്ഷ ഉറപ്പുവരുത്തുക, സമുദ്രതീരം സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 2011ലെ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനമിറക്കിയത്.
കടലുമായി ബന്ധപ്പെട്ടിരിക്കുന്നതും വേലിയേറ്റ-വേലിയിറക്കങ്ങളാൽ സ്വാധീനിക്കപ്പെടുന്നതുമായ ജലാശയങ്ങൾ സി.ആർ.ഇസെഡ് പരിധിയിൽ പെടും. നിയമഭേദഗതി കേന്ദ്ര സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും അവസാന ഘട്ടത്തിലാണ് നടപടികളെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നുമാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.