കടലൊഴുക്കിൽപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട യുവതിക്ക് കോസ്റ്റൽ പൊലീസും കോസ്റ്റൽ വാർഡന്മാരും രക്ഷകരായി
text_fieldsആലപ്പുഴ: മാരാരിക്കുളം ബീച്ചിലെ ശക്തമായ കടലൊഴുക്കിൽ മുങ്ങിത്താണ് മരണത്തിെൻറ വക്കിലെത്തിയ യുവതിക്ക് കോസ്റ്റൽ പൊലീസും കോസ്റ്റൽ വാർഡന്മാരും രക്ഷകരായി. ബംഗാൾ സ്വദേശിയും ബംഗ്ലൂരിൽ ഐ.ടി പ്രഫഷണലുമായ യുവതി കടൽ തീരത്തുനിന്ന് 20 മീറ്റർ ഉള്ളിലായി കടലിൽ കുളിക്കവേ മുങ്ങി മുങ്ങിത്താഴുകയായിരുന്നു. ബീച്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റൽ പൊലീസും വാർഡന്മാരും ചേർന്ന് സാഹസികമായാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
വെള്ളത്തിൽ ബോധരഹിതയായി കിടന്ന യുവതിയെ കരക്കെത്തിച്ച് കൃത്രിമ ശ്വാസോച്ഛ്വാസം നൽകുകയായിരുന്നു. ബോധം തിരിച്ചുകിട്ടിയതോടെ ആംബുലൻസിൽ വണ്ടാനം മെഡിക്കൽ കോളജിലെത്തിച്ചു. ഇത് തെൻറ രണ്ടാം ജന്മമാണെന്നു പറഞ്ഞ യുവതി രക്ഷകരായ കോസ്റ്റൽ പോലീസിനും വാർഡന്മാർക്കും നന്ദി അറിയിച്ചു.
കോസ്റ്റൽ പൊലീസിെൻറയും വാർഡന്മാരുടെയും സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കാൻ കഴിഞ്ഞത് വിലപ്പെട്ട ഒരു ജീവനാണ്. ജി.എസ്.ഐ. ആൽബർട്ട് , സി.പി.ഒ വിപിൻ വിജയ്, കോസ്റ്റൽ വാർഡൻമാരായ സൈറസ് , ജെറോം, മാർഷൽ, ജോസഫ് എന്നിവർ ചേർന്നാണ് യുവതിയെ രക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.