പദ്ധതികളുടെ ശവപ്പറമ്പായി തീരഗ്രാമങ്ങൾ
text_fieldsആറാട്ടുപുഴ: പദ്ധതികളുടെ ശവപ്പറമ്പുകൂടിയാണ്Coastal villages മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികൾ എത്രമാത്രം ഗുണകരമാകുന്നുവെന്ന് പരിശോധിച്ചാൽ നിരാശയാകും ഫലം.
തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളുടെ തീരദേശങ്ങളിലൂടെ സഞ്ചരിച്ചാൽ ഇത് കൂടുതൽ ബോധ്യമാകും. കോടികൾ ചെലവഴിച്ച പദ്ധതികൾ മത്സ്യത്തൊഴിലാളികൾക്ക് ഒരു ദിവസംപോലും പ്രയോജനപ്പെടാതെ നോക്കുകുത്തിയായി. സൂനാമി ദുരന്തത്തിന് ഇരയായ തീരവാസികളുടെ കണ്ണീരൊപ്പാൻ ഒഴുകിയെത്തിയ കോടികൾ അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് പാഴാക്കിയ അടയാളങ്ങൾ ഇപ്പോഴും ബാക്കിയാണ്.
2004 ഡിസംബർ 26ലെ സൂനാമി ദുരന്തം ആറാട്ടുപുഴ പഞ്ചായത്തിൽനിന്ന് 29 ജീവനാണ് കവർന്നെടുത്തത്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ശോച്യാവസ്ഥയിലായിരുന്ന ആറാട്ടുപുഴ ഗ്രാമത്തെ സൂനാമി തകർത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഒഴുകിയെത്തിയ കോടാനുകോടികൾ നാട്ടുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല. സ്വന്തം കീശ വീർപ്പിക്കാൻ മാത്രം ലക്ഷ്യമിട്ട് ആവിഷ്കരിച്ച പദ്ധതികൾ ആർക്കും പ്രയോജനപ്പെടാതെ നശിക്കുകയാണ്.
സൂനാമി പുനരധിവാസ പദ്ധതി പ്രകാരം 2010-11ൽ ആറാട്ടുപുഴ പഞ്ചായത്ത് പത്താം വാർഡിൽ രാമഞ്ചേരിയിൽ നിർമിച്ച ഫിഷ് മീൽ ആൻഡ് ഓയിൽ പ്ലാന്റാണ് ഇതിൽ പ്രധാനം. 1.59 കോടി രൂപയാണ് ഇതിനായി ആദ്യഘട്ടം അനുവദിച്ചത്. 1.35 ഏക്കർ സ്ഥലം മത്സ്യഫെഡ് സ്വന്തമായി വാങ്ങി.
2010 ഡിസംബറിൽ അന്നത്തെ ഫിഷറീസ് മന്ത്രി എസ്. ശർമയാണ് പ്ലാന്റിന് ശിലയിട്ടത്. പലകാരണങ്ങളാൽ നിർമാണ പ്രവർത്തനങ്ങൾ നീണ്ടു. പിന്നീട് കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് രമേശ് ചെന്നിത്തലയുടെ പരിശ്രമഫലമായാണ് 6.10 കോടി രൂപ ചെലവഴിച്ച് നിർമാണം ഏറെക്കുറെ പൂർത്തീകരിച്ചത്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ യു.ഡി.എഫ്. സർക്കാറിന്റെ അവസാന കാലത്ത് പ്ലാന്റിന്റെ ഉദ്ഘാടനം വിപുലമായി നടത്തിയെങ്കിലും യന്ത്രങ്ങൾ പിന്നെയും ചലിച്ചില്ല. മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളായിരുന്നു തടസ്സം. രാമഞ്ചേരിയിൽ ജനവാസ മേഖലയല്ലാത്ത സ്ഥലത്താണ് പ്ലാന്റിനായി സ്ഥലമെടുത്തത്. അതിനാൽ മലിനീകരണ നിയന്ത്രണ സംവിധാനം അതനുസരിച്ചാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ, സൂനാമി പുനരധിവാസ പദ്ധതിയിൽപെടുത്തി പ്ലാന്റിനു സമീപം കോളനികൾ സ്ഥാപിച്ചതോടെ ഈ സംവിധാനം അപര്യാപ്തമായി.
നൂതന സാങ്കേതികവിദ്യയിലുള്ള വായു-ജല മലിനീകരണ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തേണ്ടിയും വന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ് 9.68 കോടി രൂപ ചെലവഴിച്ച് മലിനീകരണ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചു.
സർക്കാറിന്റ അവസാന കാലത്ത് 2020 നവംബർ രണ്ടിന് പ്ലാന്റിന്റെ പ്രവർത്തനോദ്ഘാടനം കോവിഡ് നിയന്ത്രണമുള്ളതിനാൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഓൺലൈൻ വഴി നിർവഹിച്ചു. ഉദ്ഘാടന വേളയിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ച് നാലുടൺ പച്ചമത്സ്യത്തിൽനിന്ന് 700 കിലോ ഫിഷ് മീൽ (മീൻ പൊടിയും) മത്സ്യ എണ്ണയും ഉൽപാദിപ്പിച്ചു. പച്ചമത്സ്യം സംസ്കരിച്ച് മീന് തീറ്റയും മത്സ്യ എണ്ണയും ഉൽപാദിപ്പിക്കുന്ന പ്രക്രിയയാണ് നടക്കുന്നത്.
80 ടണ് മത്സ്യം ഒരുദിവസം സംസ്കരിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം ഉടൻ ആരംഭിക്കാൻ കഴിയുമെന്ന് മത്സ്യഫെഡ് അധികൃതർ ഉറപ്പ് പറഞ്ഞിരുന്നു.
കായംകുളം മത്സ്യബന്ധന തുറമുഖം പ്ലാന്റിന്റെ ഏതാനും കിലോമീറ്റർ അകലെയായതും വലിയഴീക്കൽ പാലം നിലവിൽ വന്നതും മത്സ്യലഭ്യതയുടെ പ്രതീക്ഷ വർധിപ്പിച്ചു. മീൻ സുലഭമായി ലഭിക്കുന്ന ഘട്ടത്തിൽ ന്യായവിലയ്ക്ക് മത്സ്യഫെഡ് മീൻ സംഭരിച്ച് പ്ലാന്റിന്റെ പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തുന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. എന്നാൽ, ഒരുപതിറ്റാണ്ട് പിന്നിട്ടിട്ടും പദ്ധതി എങ്ങുമെത്താതെ കിടക്കുകയാണ്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.