'അംഗൻവാടിയിൽ മൂർഖൻ പാമ്പ്'; നിവേദനവുമായി ഫാത്തിമ ഇൻഷ മോൾ പഞ്ചായത്തിൽ
text_fieldsമേപ്പയ്യൂർ (കോഴിക്കോട്): ദിവസവും രാവിലെ കുളിച്ചൊരുങ്ങി അംഗൻവാടിയിലേക്ക് പോകുന്ന ഫാത്തിമ ഇൻഷ മോൾ ചൊവ്വാഴ്ച അമ്മമാരുടെ കൂടെ മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്കാണ് പോയത്. അവൾ പഠിക്കുന്ന ഗ്രാമ പഞ്ചായത്ത് 15-ാം വാർഡിൽ പാവട്ട്കണ്ടി മുക്കിലെ അംഗൻവാടി മുറ്റത്ത് നിന്ന് തിങ്കളാഴ്ച്ച വലിയൊരു മൂർഖൻ പാമ്പിനെയാണ് പിടിച്ചത്. ഭാഗ്യത്തിനാണ് കുട്ടികളെ കടിക്കാതിരുന്നത്. ഈ അംഗൻവാടിക്ക് സമീപം കാടു നിറഞ്ഞ് കിടക്കുകയാണ്. ഇനിയും പാമ്പുകൾ ഉണ്ടാവുമോ എന്ന് കുട്ടികൾ ഭയപ്പെടുന്നു. കൂടാതെ അംഗൻവാടിയുടെ ഭൗതിക സാഹചര്യം പരിതാപകരമാണ്. ശുചിമുറി സൗകര്യമോ സ്വന്തമായി കിണറോ ഇല്ല.
35 വർഷം മുമ്പ് നിർമിച്ച അംഗൻവാടി കെട്ടിടം ജീർണാവസ്ഥയിലാണെന്ന് ഉൾപ്പെടെ പഞ്ചായത്ത് പ്രസിഡന്റിനെ അറിയിക്കാനാണ് ഫാത്തിമ ഇൻഷ പഞ്ചായത്ത് ഓഫിസിൽ എത്തിയത്. പ്രസിഡന്റും സ്ഥലം മെംബറുമായ കെ.ടി. രാജന് അവൾ നിവേദനം നൽകി. അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമിക്കാനുള്ള ശ്രമം നടത്തുമെന്ന് പ്രസിഡന്റ് നിവേദകസംഘത്തിന് ഉറപ്പ് കൊടുത്തു.
കുട്ടിയെ അംഗൻവാടിയിൽ നിന്ന് കൂട്ടാൻ പോയ രക്ഷിതാവാണ് പാമ്പിനെ കണ്ടത്. ഉടൻ അദ്ദേഹം മേപ്പയ്യൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസ് വിളിച്ചതനുസരിച്ച് പെരുവണ്ണാമൂഴി വനപാലകരുടെ പാമ്പുപിടുത്തക്കാരൻ സുരേന്ദ്രൻ കരിങ്ങാട് എത്തി മൂർഖൻ പാമ്പിനെ പിടിച്ച് പെരുവണ്ണാമൂഴിക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.