കൊക്കെയ്ൻ വേട്ട: ഇടനിലക്കാരിക്ക് വിവരങ്ങൾ ലഭിച്ചത് സാവോപോളയിൽ നിന്ന്
text_fieldsകൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന വൻ മയക്കുമരുന്നു വേട്ടയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ പിടിയിലായ ഫിലിപ്പീൻ സ്വദേശിനി ബിയാഗ് ജോന്ന ഡി ടോറസിനായി കൊച്ചിയിലെ ഒരു ഫോർ സ്റ്റാർ ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നതായാണ് ലഭിക്കുന്ന വിവരം. ഫിലിപ്പിൻസിൽ നിന്ന് ഒാൺലൈൻ വഴിയാണ് മുറി ബുക്ക് ചെയ്തിട്ടുള്ളത്. എന്നാൽ, ബുക്ക് ചെയ്ത ആളെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇതിനുള്ള ശ്രമത്തിലാണ് സംഘം.
ബ്രസീലിലെ സാവോപോളയിൽ നിന്നാണ് ഇടനിലക്കാരിക്ക് നിർദേശങ്ങൾ ലഭിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സാവോപോളയിൽ നിന്ന് ആഫ്രിക്ക, മസ്കത്ത് എന്നീ രാജ്യങ്ങൾ വഴിയാണ് യുവതി നെടുമ്പാശ്ശേരിയിൽ എത്തിയത്. ഒാരോ രാജ്യത്തും എത്തുമ്പോൾ യുവതിക്ക് സാവോപോളയിൽ നിന്ന് നിർദേശം ലഭിക്കുകയും ഇതുപ്രകാരം യാത്രാ സംവിധാനം ബന്ധപ്പെട്ടവർ ഏർപ്പെടുത്തുകയുമാണ് ചെയ്തിരുന്നതെന്ന് മാധ്യമങ്ങൾക്ക് ലഭിക്കുന്ന വിവരം.
മയക്കുമരുന്നു റാക്കറ്റുമായി ബന്ധമുള്ളവർ കൊച്ചിയിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.
തിങ്കളാഴ്ചയാണ് രഹസ്യ വിവരത്തെ തുടർന്ന് ഫിലിപ്പീൻ സ്വദേശിനിയിൽ നിന്ന് 4.75 കിലോ കൊക്കെയ്ൻ കേന്ദ്ര നാർകോട്ടിക് കൺേട്രാൾ വിഭാഗം പിടികൂടിയത്. ഇവരുടെ ചെക്-ഇൻ സ്യൂട്ട് കേസിൽ തീർത്ത രഹസ്യ അറയിലാണ് രണ്ട് പാക്കറ്റുകളിലായി കൊക്കെയ്ൻ ഒളിപ്പിച്ചിരുന്നത്. രാജ്യാന്തര വിപണിയിൽ 25 കോടിയിലേറെ വിലയാണ് ഇതിന് കണക്കാക്കുന്നത്.
ഫിലിപ്പീൻ സ്വദേശിനി ആർക്കു വേണ്ടിയാണ് കൊക്കെയ്ൻ കൊണ്ടു വന്നതെന്നും ആരെങ്കിലും മയക്കുമരുന്ന് ഏറ്റുവാങ്ങാൻ വിമാനത്താവള പരിസരത്ത് എത്തിയിരുന്നോ എന്നും മനസിലാക്കാൻ ഇവരെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. നാളെ കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് അപേക്ഷ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.