കൊച്ചിൻ കാർണിവൽ; സുരക്ഷ ശക്തമാക്കും
text_fieldsഫോർട്ട്കൊച്ചി: കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തുമെന്ന് സബ് കലക്ടർ കെ. മീര പറഞ്ഞു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പരേഡ് ഗ്രൗണ്ടിൽ തന്നെയായിരിക്കും 31ന് പാപ്പാഞ്ഞിയെ കത്തിക്കുക. ഈ ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
കൂടുതൽ പൊലീസിനെ നിയോഗിക്കും. തിരക്ക് ഒഴിവാക്കാൻ പപ്പാഞ്ഞിയെ കത്തിച്ച് കഴിഞ്ഞാലുടൻ ആളുകളെ സ്ഥലത്തുനിന്ന് മാറ്റില്ല. സമയം അനുവദിക്കും. വിവിധ വകുപ്പുകളെ ഏകോപിച്ചായിരിക്കും കാർണിവൽ നടത്തുകയെന്നും യാത്രാ സർവിസുകൾ അടക്കമുള്ള സജ്ജീകരണം ഒരുക്കുമെന്നും സബ് കലക്ടർ കൂട്ടിച്ചേർത്തു. അസി. കലക്ടർ നിഷാന്ത് സിഹാര, അസി. പൊലീസ് കമീഷണർ കെ.ആർ. മനോജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കാർണിവൽ എത്തിയിട്ടും റോഡുകൾ തകർന്നുതന്നെ
ഫോർട്ട്കൊച്ചി: കൊച്ചിൻ കാർണിവൽ പുതുവത്സരാഘോഷങ്ങളുടെ തിരക്ക് തുടങ്ങി. സഞ്ചാരികളുടെ വരവ് കൂടിയിട്ടും റോഡുകൾ പലതും തകർന്നു തന്നെ. സഞ്ചാരികൾ കടന്നുപോകുന്ന പ്രധാന പാതകളിൽ ഒന്നായ ഫോർട്ട്കൊച്ചി അസ്പിൻവാൾ മുതൽ ചിരട്ടപ്പാലം വരെയുള്ള റോഡ് പലയിടത്തും തകർന്നു.
ഈ റോഡിൽ ഫോർട്ട്കൊച്ചി സർക്കാർ ആശുപത്രിക്ക് സമീപത്തെ കുഴിയിൽ ഇരുചക്രവാഹന യാത്രികർ വീണുള്ള അപകടങ്ങൾ ദിവസവും ഉണ്ടാകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. സാന്റോ ഗോപാലൻ റോഡിന്റെ പകുതി പുനർനിർമിച്ചെങ്കിലും ചെമ്മീൻസ് കവലയടക്കം മേഖലയിലെ റോഡ് തകർന്നു തന്നെ .
കൊച്ചിയിലേക്കുള്ള പ്രവേശന കവാടമായ തോപ്പുംപടി ഹാർബർ പാലത്തിനു മുകളിലെ റോഡും തകർന്ന് കിടക്കുകയാണ്. അടുത്തിടെ ലക്ഷങ്ങൾ മുടക്കി ഈ റോഡ് നവീകരിച്ചിരുന്നു.
നാട്ടുകാരുടെയും പുതുവർഷം ആഘോഷിക്കാനെത്തുന്ന സഞ്ചാരികളുടെയും നടുവൊടിക്കുകയാണ് ഈ റോഡുകൾ. അതേസമയം, നവകേരള യാത്ര കടന്നുപോകവെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിച്ച റോഡുകൾക്ക് ശാപമോക്ഷം ലഭിച്ചതിന്റെ സന്തോഷവും ഇവർ പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.