കൊച്ചി കപ്പൽശാലക്ക് വീണ്ടും ഭീഷണി; ഇന്ധന ടാങ്കുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്ന് സന്ദേശം
text_fieldsകൊച്ചി: കപ്പൽശാലക്കും ഐ.എൻ.എസ് വിക്രാന്തിനുമെതിരെയുണ്ടായ ഇ-മെയിൽ ഭീഷണിയിൽ അന്വേഷണം തുടരുന്നതിനിടെ വീണ്ടും ഭീഷണി. കപ്പൽശാലയിൽ ഇന്ധനടാങ്കുകൾ ഉപയോഗിച്ച് സ്‌ഫോടനം നടത്തുമെന്നാണ് പുതിയ ഭീഷണി. നേരേത്ത ഭീഷണി സന്ദേശം ലഭിച്ച കപ്പൽശാലയിലെ അഞ്ച് ഉദ്യോഗസ്ഥരിൽ ഒരാൾക്കാണ് ഞായറാഴ്ച ഇ-മെയിൽ സന്ദേശം ലഭിച്ചത്. കപ്പൽശാല അധികൃതർ പൊലീസിൽ പരാതി നൽകി. ബോംബ് -ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ആഗസ്റ്റ് 24നാണ് യുദ്ധക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന ആദ്യ ഇ-മെയിൽ ഭീഷണി സന്ദേശം ലഭിച്ചത്. കപ്പൽശാല അധികൃതരുടെ പരാതിയിൽ ഐ.ടി നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല. ഒരാഴ്ചക്കുശേഷമാണ് രണ്ടാമത്തെ ഭീഷണി.
കപ്പൽശാലയിലെ മുൻ ജീവനക്കാരനടക്കം അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഭീഷണി സന്ദേശം ലഭിച്ച അഞ്ച് ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് സംശയിക്കുന്ന രണ്ടുപേരിൽനിന്നും അസി. കമീഷണർ വൈ. നിസാമുദ്ദീെൻറ മേൽനോട്ടത്തിൽ സൗത്ത് പൊലീസ് മൊഴിയെടുത്തിരുന്നു. കപ്പൽശാലയുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം ഭീഷണി സന്ദേശത്തിലുള്ളതിനാൽ ജീവനക്കാരെ മുഴുവൻ ചോദ്യം ചെയ്യാനാണ് തീരുമാനം. വൻതുക ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിനായി നൽകിയില്ലെങ്കിൽ സ്‌ഫോടനം നടത്തുമെന്നായിരുന്നു അജ്ഞാത ഭീഷണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.