കോക്ലിയർ ഇംപ്ലാന്റ്: ‘നിശ്ശബ്ദ ഭീതി’യിൽ 360 ഓളം കുട്ടികൾ
text_fieldsതിരുവനന്തപുരം: കോക്ലിയാർ ഇംപ്ലാന്റ് ഉപകരണങ്ങളുടെ നവീകരണത്തിന് (അപ്ഗ്രഡേഷൻ) 25 കുട്ടികൾക്ക് തുക അനുവദിച്ചെങ്കിലും സർക്കാർ സഹായം കാത്തിരിക്കുന്നത് 360 ഓളം കുട്ടികൾ. 2012 ഫെബ്രുവരിക്ക് മുമ്പ് ശസ്ത്രക്രിയക്ക് വിധേയരായ 25 പേർക്കാണ് ഇപ്പോൾ സഹായം പ്രഖ്യാപിച്ചത്. എന്നാൽ, ഇതിനു ശേഷം കോക്ലിയർ ഇംപ്ലാന്റിന് വിധേയമാവുകയും ഉപകരണങ്ങളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരാണ് ഈ 360 ഓളം പേർ.
സാമൂഹിക സുരക്ഷ മിഷൻ വഴി നടപ്പാക്കുന്ന പദ്ധതിയിലെ ഉപകരണങ്ങളുടെ അപ്ഗ്രഡേഷനും പരിപാലനവും അവതാളത്തിലായതോടെയാണ് ഇവരിലെ കേൾവി ഉപകരണങ്ങളുടെ പ്രവർത്തനം നിലച്ചത്. ഈ വർഷം അവസാനത്തോടെ ഇത് 450 ആകുമെന്ന് രക്ഷാകർത്താക്കൾ ചൂണ്ടിക്കാട്ടുന്നു. സാമൂഹിക സുരക്ഷ മിഷൻ വഴി നടപ്പാക്കുന്ന പദ്ധതി ഇപ്പോൾ ആരോഗ്യ വകുപ്പിലേക്ക് കൈമാറുകയാണ്.
കൃത്യമായ ഇടവേളകളിൽ പ്രോസസറുകളുടെ നവീകരണത്തിലൂടെയും (അപ്ഗ്രഡേഷൻ) കേടുപാടുണ്ടാകുമ്പോഴുള്ള അറ്റകുറ്റപ്പണിയിലൂടെയുമാണ് ഉപകരണത്തിന്റെ ‘കേൾവി ശക്തി’ നിലനിർത്തിപ്പോരുന്നത്. സ്വകാര്യ കമ്പനികളാണ് കോക്ലിയർ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. ഉപകരണങ്ങളിലെ പ്രോസസർ അപ്ഗ്രേഡ് ചെയ്യുന്നതും ഇവർതന്നെ. ഒരു തവണ പ്രോസസർ അപ്ഗ്രേഡ് ചെയ്യുന്നതിന് 3.40 ലക്ഷം രൂപയാണ് കമ്പനി ഈടാക്കുന്നത്. കഴിഞ്ഞ വർഷം സർക്കാർ ഇടപെട്ട് കമ്പനികളുമായി ചർച്ച നടത്തി ഇതു രണ്ടു ലക്ഷത്തിലേക്ക് താഴ്ത്തിയിരുന്നു. സർക്കാറാണ് ഈ തുക വഹിച്ചതും. എന്നാൽ, കേരളത്തിൽ കോക്ലിയർ ഇംപ്ലാന്റ് ചെയ്തവർ ഉപയോഗിക്കുന്ന വിവിധ കമ്പനികളുടെ 600 ഓളം പ്രോസസറുകൾ അപ്ഗ്രഡേഷന് സാധ്യമല്ലാത്ത വിധം കമ്പനികൾ നിർത്തലാക്കുകയാണെന്നതാണ് പുതിയ വെല്ലുവിളി. ഇതോടെ ഭൂരിപക്ഷം പേരും അപ്ഗ്രഡേഷൻ ചെയ്യാൻ കഴിയാതെ വീണ്ടും ബധിരതയിലേക്ക് പോകുന്ന അവസ്ഥയാണ് സംജാതമാവുക.
മറുവശത്ത് ഉപകരണങ്ങൾ തകരാറുകളുണ്ടാകുമ്പോഴുള്ള അറ്റകുറ്റപ്പണിയും മുടങ്ങിക്കിടക്കുകയാണ്. അറ്റകുറ്റപ്പണിക്ക് 25,000 രൂപയായിരുന്നത് കമ്പനികൾ ഒറ്റയടിക്ക് നിരക്ക് കൂട്ടി. വിവിധ സ്ലാബുകളാക്കി വർധിപ്പിച്ച് നിലവിൽ 1.5 ലക്ഷം രൂപയാണിപ്പോൾ. 18 ശതമാനം ജി.എസ്.ടി കൂടിയാകുമ്പോൾ 1.77 ലക്ഷവും. സാധാരണക്കാരെ സംബന്ധിച്ച് ഈ തുക താങ്ങാനുമാകില്ല. രണ്ടു ലക്ഷം രൂപ വാർഷിക വരുമാനമുള്ളവരെയാണ് പദ്ധതിയിൽ ഗുണഭോക്താക്കളാക്കുന്നത്. ഫലത്തിൽ പദ്ധതിയിലുള്ളവരെല്ലാം സാധാരണക്കാരുമാണ്. അറ്റകുറ്റപ്പണിക്ക് തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് നീക്കിവെക്കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും പലയിടങ്ങളിലും ഇതു കാര്യക്ഷമമല്ല.
കോക്ലിയര്‍ ഇംപ്ലാന്റ് അപ്ഗ്രഡേഷൻ: 25 കുട്ടികൾക്കുള്ള പണമനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അടിയന്തരമായി കോക്ലിയര്‍ ഇംപ്ലാന്റേഷന് ഉപകരണങ്ങൾ അപ്ഗ്രേഡ് ചെയ്യേണ്ട 25 കുട്ടികൾക്കായി 59 ലക്ഷം രൂപ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്.എച്ച്.എ) അനുവദിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ഈ കുട്ടികള്‍ക്കാവശ്യമായ കോക്ലിയര്‍ ഇംപ്ലാന്റ് ഉപകരണങ്ങളുടെ നവീകരണം സാമൂഹിക സുരക്ഷ മിഷന് വഴി തന്നെ നടത്തും. മുമ്പ് സാമൂഹിക സുരക്ഷാ മിഷനാണ് ശുതിതരംഗം പദ്ധതി നടത്തിവന്നിരുന്നത്. ഈ പദ്ധതി ആരോഗ്യ വകുപ്പിലേക്ക് മാറ്റുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
നിലവിലുള്ളവരുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന് മെഷീന്റെ അപ്ഗ്രഡേഷന് സാമൂഹിക സുരക്ഷാ മിഷന് വഴിയും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ ചികിത്സ എസ്.എച്ച്.എ വഴിയുമാണ് നടത്തുക. ഇതിനാവശ്യമായ ധനസഹായം എസ്.എച്ച്.എ നല്‍കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സാങ്കേതിക കമ്മിറ്റി രൂപവത്കരിച്ച് ഉത്തരവായിരുന്നു. ഈ വിദഗ്ധ സമിതി യോഗം ചേര്‍ന്ന് പദ്ധതി നടത്തിപ്പിനായുള്ള പ്രവര്‍ത്തന മാര്‍ഗരേഖ തയാറാക്കി. ഇതനുസരിച്ച് കോക്ലിയര്‍ ഇംപ്ലാന്റേഷന് ശസ്ത്രക്രിയ നടത്താനുള്ള സൗകര്യം വിവിധ ആശുപത്രികളില്‍ സജ്ജമാക്കും.
പതിയ ‘ശ്രുതിതരംഗം’ പദ്ധതിയില്‍ ഉള്‍പ്പെട്ട 49 പേരുടെ ലിസ്റ്റ് സാമൂഹിക സുരക്ഷ മിഷന് എസ്.എച്ച്.എക്ക് കൈമാറിയെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. എസ്.എച്ച്.എയുടെ പാക്കേജ് പ്രകാരം ആവശ്യമായ കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തും. ശുതിതരംഗം പദ്ധതി സര്‍ക്കാര്‍ കൈയൊഴിഞ്ഞു എന്ന തരത്തില്‍ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.