പച്ചത്തേങ്ങക്കും കൊപ്രക്കും റെക്കോഡ് വില
text_fieldsകോഴിക്കോട്: പച്ചത്തേങ്ങക്കും കൊപ്രക്കും റെക്കോഡ് വില. 20 വർഷത്തിനിടെ ആദ്യമായാണ് നാളികേരള ഉൽപന്നങ്ങൾക്ക് ഇത്രയും കൂടിയ വില ലഭിക്കുന്നതെന്ന് കൊപ്ര വ്യാപാരികൾ പറഞ്ഞു. രണ്ടാഴ്ചക്കിടെയാണ് നാളികേര വില കുതിച്ചുയർന്നത്. കോഴിക്കോട് പാണ്ടികശാലയിൽ ചൊവ്വാഴ്ച ഉണ്ട കൊപ്രക്ക് ക്വിന്റലിന് 19,000 രൂപയാണ് വില. ഗുണനിലവാരം കൂടിയതിന് 20,000 രൂപയും വ്യാപാരികൾ നൽകി. രാജാപൂര് കൊപ്രക്ക് 22,000 രൂപയും. കൊപ്ര എടുത്തപടിക്ക് 13400 രൂപയാണ് മാർക്കറ്റ് വില. എന്നാൽ, കർഷകർക്ക് 14000 രൂപ ലഭിച്ചു. വെളിച്ചെണ്ണ വിലയും തിളച്ചുമറിയുകയാണ്. വെളിച്ചെണ്ണക്ക് ചൊവ്വാഴ്ച കോഴിക്കോട് മാർക്കറ്റിൽ വില 20650 ആണ്. ഈ മാസം 10ന് 17800 ആയിരുന്നു വില. കൊപ്ര എടുത്തപടി 11350ഉം ഉണ്ട കൊപ്രക്ക് 13500 ആയിരുന്നു ഈ മാസം 10ലെ വില.
എന്നാൽ, ഉൽപാദനം ഗണ്യമായി കുറഞ്ഞതിനാൽ വിലക്കയറ്റം കർഷകർക്ക് വലിയ തോതിൽ പ്രയോജനം ചെയ്യുന്നില്ല. സാധാരണ വരുന്നതിന്റെ മൂന്നിലൊന്ന് തേങ്ങ മാത്രമാണ് ഇപ്പോൾ വിപണിയിൽ എത്തുന്നതെന്ന് കോഴിക്കോട്ടെ നാളികേര വ്യാപാരി റഫീഖ് പറഞ്ഞു. പച്ചത്തേങ്ങ വില 46 ആയി. 15 ദിവസം മുമ്പ് 30-31 രൂപ ആയിരുന്നു. പച്ചത്തേങ്ങ താങ്ങുവില 34 രൂപയാണ്. ഉൽപാദനച്ചെലവ് നികത്തുന്ന രീതിയിലേക്ക് വില ഉയർന്നെങ്കിലും ഇത് ഏറെനാൾ നിലനിൽക്കുമെന്ന് വ്യാപാരികൾക്കോ കർഷകർക്കോ പ്രതീക്ഷയില്ല. ഈ നിലവാരത്തിലും അതിനുമുകളിലും വില ലഭിച്ചാലെ നാളികേര കൃഷി പിടിച്ചുനിർത്താനാവൂ.
വേനൽക്കാലത്തെ അമിതമായ ചൂട് ഇത്തവണ സീസണിൽ തേങ്ങ ഉൽപാദനം ഗണ്യമായി കുറയാൻ ഇടയാക്കി. മാത്രമല്ല ഇടവിള കൃഷി ഇല്ലാത്തതും തെങ്ങുകൾ വിവിധ അസുഖങ്ങൾ ബാധിച്ച് നശിക്കുന്നതും ഉൽപാദനം കുറയാൻ കാരണമായി കർഷകർ ചൂണ്ടിക്കാട്ടുന്നു. നിരന്തര വിലയിടിവും തൊഴിലാളികളുടെ കൂലി അടക്കം ഉൽപാദനച്ചെലവ് വർധിച്ചതും കാരണം കർഷകർ നാളികേര കൃഷിയിൽനിന്ന് പിൻവാങ്ങുന്നതും ഉൽപാദനത്തെ ബാധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.