ഗുജറാത്തിൽ എന്ത് തേങ്ങ?
text_fieldsകൊച്ചി: നാളികേര വികസനവും അനുബന്ധ പദ്ധതികളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക്. നാളികേര വികസന ബോർഡിന്‍റെ ഫണ്ട് മുഴുവൻ അവിടേക്ക് ഒഴുകുകയാണ്. കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര നാളികേര ദിനത്തോടനുബന്ധിച്ച് ബോർഡ് കൊച്ചിയിൽ ആവിഷ്കരിച്ച പരിപാടികൾ അട്ടിമറിച്ചതാണ് ഏറ്റവും അവസാന നടപടി.
നക്ഷത്ര ഹോട്ടലുകളിൽ മുറി ബുക്ക് ചെയ്തതടക്കം ലക്ഷങ്ങൾ ചെലവഴിച്ച് പരിപാടി സംഘടിപ്പിച്ചെങ്കിലും ചടങ്ങുകളെല്ലാം അവസാന നിമിഷം കേന്ദ്രകൃഷി മന്ത്രാലയം ഗുജറാത്തിലേക്ക് മാറ്റി.
കൊച്ചിയിൽ പരിപാടിക്ക് വരാമെന്നേറ്റ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ നാളികേര വികസന ബോര്‍ഡിന്റെ ഗുജറാത്ത് സംസ്ഥാനതല ഓഫിസിന്‍റെ ഉദ്ഘാടനം നിർവഹിക്കാൻ ഗുജറാത്തിലെ ജുനഗഡിലേക്ക് പോകുകയും അവിടുത്തെ പരിപാടി കൊച്ചിയിലെ സദസ്സിനു മുന്നിൽ ഓൺലൈനായി പ്രദർശിപ്പിക്കുകയുമാണ് ചെയ്തത്.
കേവലം ഇൗ പരിപാടിയിൽ ഒതുങ്ങുന്നതല്ല കേരളത്തിലെ നാളികേരകർഷകരോടുള്ള കേന്ദ്ര സമീപനമെന്നത് കണക്കുകൾ വ്യക്തമാക്കുന്നു. കൃഷി കർഷക ക്ഷേമ മന്ത്രാലയം (ഹോർട്ടികൾചർ വിഭാഗം) 2021-22ൽ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് രാജ്യത്തെ നാളികേര കൃഷിയുടെ 1.18 ശതമാനം മാത്രമാണ് ഗുജറാത്തിലുള്ളത്.
ഇതിൽനിന്നുള്ള ഉൽപാദനം 1.11 ശതമാനവും ഉൽപാദന ക്ഷമത ശരാശരി ഹെക്ടറിന് 8542 നാളികേരവുമാണ്. ഗുജറാത്തിൽ 25,000 ഹെക്ടറിൽ മാത്രമാണ് ഇപ്പോൾ നാളികേര കൃഷി- ഇന്ത്യയിലെ ആകെ നാളികേരകൃഷി 21.11 ദശലക്ഷം ഹെക്ടറിലാണ്.
എന്നാൽ, 2022-23 സാമ്പത്തിക വർഷത്തിൽ ഗുജറാത്തിലെ നാളികേര വികസനത്തിനായി 562.04 കോടിയാണ് വകയിരുത്തിയത്. ഇതിന്‍റെ 10 ശതമാനം പോലും കേരളത്തിന് ലഭിക്കുന്നില്ല. രാജ്യത്ത് 17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള നാളികേര മേഖലയുടെ 90 ശതമാനവും കേരളം, കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നാളികേര വികസന ബോർഡിന്‍റെ ഫണ്ട് മുഴുവൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോകുന്നത്.
2016ൽ ഡോ. ടി.കെ. ജോസിനെ ബോർഡിന്‍റെ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയശേഷം ഒരു മുഴുവൻ സമയ ചെയർമാനെ ഇതുവരെ നിയമിച്ചിട്ടില്ല. ജോസ് ചെയർമാനായിരിക്കെ തൃതല നാളികേര ഉൽപാദന സംഘങ്ങൾ രൂപവത്കരിച്ചതടക്കം നടത്തിയ പല പരിഷ്കാരങ്ങളും വെള്ളത്തിലാകുകയും ചെയ്തു. കേരളത്തിലെ കർഷകർക്ക് ഏറെ ഗുണം ചെയ്ത നീര അടക്കമുള്ള മൂല്യവർധിത ഉൽപന്ന നിർമാണ പദ്ധതികളും പൊളിഞ്ഞു.
കൊച്ചി ആസ്ഥാനമായ ദേശീയ നാളികേര വികസന ബോർഡിന്‍റെ സ്വതന്ത്ര പ്രവർത്തനം അവസാനിപ്പിച്ച് നാഷനൽ ഹോർട്ടികൾചർ ബോർഡിന് കീഴിൽ കൊണ്ടുവരാൻ നേരത്തേതന്നെ ശ്രമങ്ങൾ നടന്നിരുന്നു. എക്സ്പെൻഡിച്ചർ ഡിപ്പാർട്മെന്‍റിന്‍റെ ശിപാർശയാണ് കേന്ദ്ര സർക്കാറിന്‍റെ പരിഗണനയിലുള്ളത്.
കർഷകർക്ക് വിലയിടിവിന്റെ ഓണം
കോഴിക്കോട്: ഓണനാളിലും നാളികേര കർഷകരുടെ മനം തെളിയുന്നില്ല. പതിവിനു വിപരീതമായി വില അനുദിനം താഴ്ന്നുകൊണ്ടിരിക്കുകയാണ്. വെളിച്ചെണ്ണ വിലയും നാളിതുവരെ ഇല്ലാത്ത തരത്തിൽ കുറഞ്ഞിരിക്കുകയാണ്.
ഇപ്പോൾ വെളിച്ചെണ്ണക്ക് 170 രൂപയാണ് വില. കഴിഞ്ഞ തവണ 200 രൂപക്കുമുകളിലായിരുന്നു. നിലവിൽ പച്ചത്തേങ്ങക്ക് പൊതുവിപണിയിൽ 25 രൂപയാണ് വില. സർക്കാർ 32 രൂപയാണ് നൽകുന്നത്. ഈ വില ലഭിക്കണമെങ്കിൽ സാങ്കേതിക കുരുക്കുകൾ ഏറെയാണ്.
സർക്കാർ തേങ്ങയെടുക്കണമെങ്കിൽ കർഷകർക്ക് കൃഷിഭവന്‍റെ സർട്ടിഫിക്കറ്റ് അനിവാര്യമാണ്. സർക്കാർ നിബന്ധനപ്രകാരം ഒരേക്കർ സ്ഥലത്തിന് 70 തെങ്ങും 3500 തേങ്ങയുമാണ് അനുവദിക്കുന്നത്. എന്നാൽ, ഇതിനേക്കാളേറെ തേങ്ങ ലഭിക്കും.
ഈ നിയന്ത്രണം കർഷകരെ നിരാശപ്പെടുത്തുന്നുണ്ട്. ആര് തേങ്ങ കൊടുത്താലും മറ്റ് നിബന്ധനകളില്ലാതെ ഏറ്റെടുക്കാൻ സർക്കാർ തയാറായാൽ മാത്രമേ രക്ഷയുണ്ടാകൂവെന്നാണ് കച്ചവടക്കാർ പറയുന്നത്. ഇങ്ങനെയൊരു സാഹചര്യമുണ്ടായാൽ, വിപണിയിലെത്തുന്ന തേങ്ങക്ക് നിലവിൽ നൽകുന്നതിനേക്കാൾ വില നൽകാൻ കച്ചവടക്കാർക്ക് കഴിയുമെന്നാണ് പറയുന്നത്.
കേരള ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം കേരളത്തില്‍ തെങ്ങുകൃഷി ചെയ്യുന്ന സ്ഥലം വര്‍ഷം കഴിയുന്തോറും ഗണ്യമായി കുറയുന്നതുകാണാം. ഇതിനുള്ള പ്രധാനകാരണം വരുമാനമില്ലായ്മ തന്നെയാണ്.
ഒരു തെങ്ങില്‍നിന്ന് ആകെ കിട്ടുന്ന തേങ്ങ വിറ്റാല്‍ കൂലി കൊടുക്കാന്‍പോലും കഴിയില്ലെന്നതാണ് യാഥാർഥ്യം. കോഴിക്കോട് ജില്ലയില്‍ മാത്രം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ലാഭകരമല്ലാത്തതിന്റെ പേരില്‍ ആയിരക്കണക്കിന് തെങ്ങുകളാണ് വെട്ടിമാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.