ദ്വീപിൽനിന്ന് നാളികേര ഹൽവ ഭൗമസൂചിക പട്ടികയിലേക്ക്
text_fieldsകോഴിക്കോട്: കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഭൗമസൂചിക പട്ടികയിൽ ഉൾപ്പെട്ട കേരളത്തിന്റെ ഉൽപന്നങ്ങൾക്കൊപ്പം ലക്ഷദ്വീപിലെ പരമ്പരാഗത മധുര പലഹാരമായ നാളികേര ഹൽവയും (ദ്വീപുണ്ട) ഇടംപിടിക്കുന്നു. മലയാളി കൃഷിശാസ്ത്രജ്ഞരുടെ സഹായത്തോടെ ഇതിനുള്ള നടപടികൾ ദ്വീപിലെ കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
ഉൽപന്നങ്ങളുടെ ഗുണമേന്മ പഠനത്തിനും സാങ്കേതിക സഹായത്തിനും കാസർകോട്ടെ കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിലെ ശാസ്ത്രജ്ഞരാണ് ഒപ്പമുള്ളത്. കേരവൃക്ഷവും നാളികേരവും മലയാള നാടിനെ ഓർമപ്പെടുത്തുന്നതാണെങ്കിലും ദേശീയ ഭൗമസൂചികയിൽ നാളികേരം ലക്ഷദ്വീപിലൂടെയാകും ഇനി എണ്ണപ്പെടുക. നാളികേര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പട്ടികയിൽ ഇടം നേടാൻ പോകുന്നത്.
ദ്വീപ് വനിതകളുടെ ഉപജീവനമാർഗങ്ങളിലൊന്നായി നാളികര ഹൽവ മാറിയിട്ടുണ്ട്. ഭൗമസൂചികയിലെത്തിയാൽ ഗുണമേന്മക്ക് ഗാരന്റിയാകും. സർക്കാർ പരിരക്ഷയിൽ വാണിജ്യാടിസ്ഥാനത്തിൽ വിപണനവും നടത്താം.
മറയൂർ ശർക്കര, പാലക്കാടൻ മട്ട, ആറന്മുള കണ്ണാടി, ബാലരാമപുരം കൈത്തറി, പൊക്കാളി അരി തുടങ്ങി കേരളത്തിൽനിന്ന് ഭൗമസൂചികയിലെത്തിയ ഉൽപനങ്ങൾക്ക് ലോകവിപണിയിൽ മികച്ച വിൽപനയുണ്ട്. പട്ടികയിൽ ഇടംപിടിക്കുന്നതോടെ നാളികേരത്തിനും വില വർധനയുണ്ടാകുമെന്ന പ്രതീക്ഷയും ശാസ്ത്രജ്ഞർ പ്രകടിപ്പിക്കുന്നു.
ശർക്കരയിൽ കാമ്പുറച്ച കരിക്ക് ചേർത്ത് രണ്ടര മണിക്കൂറോളം ഉരുളിയിൽ ഇളക്കിയാണ് നാളീകേര ഹൽവ നിർമിക്കുന്നത്. തുടർന്ന് ചൂടോടെ ഉരുട്ടി വാട്ടിയ വാഴയിലയിൽ പൊതിയും. ഇരുവശവും നാരുകൊണ്ട് കെട്ടി മിഠായി രൂപത്തിലാക്കും. രണ്ടു മാസം വരെ കേടു കൂടാതെ സൂക്ഷിക്കാനും കഴിയും. കേരളത്തിലും ഏറെ പ്രചാരമുണ്ട് ദ്വീപ് ഹൽവക്ക്.
കിലോക്ക് 800 മുതൽ 1000 വരെ രൂപ വിലയുണ്ട്. ഉണ്ടക്ക് ശരാശരി 35 രൂപയാണ് വില. കേരളത്തിൽനിന്ന് അഞ്ചുരൂപയുടെ വ്യാജൻ ദ്വീപിലെത്തുന്നതാണ് ഭീഷണിയുയർത്തുന്നത്. ദ്വീപിലെ ഹൽവ സാമ്പിളുകൾ ഉടൻ കാർഷിക ഗവേഷണ കേന്ദ്രത്തിലെത്തും. പോഷകമൂല്യമടക്കം സ്ഥിരീകരിക്കാൻ അപഗ്രഥനമുണ്ടാകും. ഭൗമസൂചിക പദവി തേടുന്നതിന്റെ മുന്നോടിയാണിതെന്ന് ഐ.സി.എ.ആർ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.