തേങ്ങ സംഭരണം: 10 ദിവസത്തിനുള്ളിൽ 100 കേന്ദ്രങ്ങൾ - മന്ത്രി പി.പ്രസാദ്
text_fieldsകോട്ടയം: പച്ചതേങ്ങ സംഭരണ കേന്ദ്രങ്ങളുടെ എണ്ണം 10 ദിവസത്തിനുള്ളിൽ നൂറായി ഉയർത്തുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. നിലവിൽ 62 കേന്ദ്രങ്ങൾ വഴി കൃഷിവകുപ്പ് നേരിട്ട് തേങ്ങ സംഭരിക്കുന്നുണ്ട്. ഇതാണ് നൂറായി ഉയർത്തുന്നത്.
ഇതിലൂടെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയാത്ത പ്രദേശങ്ങളിൽ പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തി തേങ്ങ സംഭരിക്കാൻ ജില്ല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. കോട്ടയം പ്രസ്ക്ലബിന്‍റെ 'മുഖാമുഖ'ത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക ഉൽപന്നങ്ങൾക്ക് വിദേശത്തടക്കം വിപണി കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.
ഇതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കേരള അഗ്രോ ബിസിനസ് കമ്പനി രൂപവത്കരിക്കും. അടുത്തവർഷം ജനുവരിയോടെ ഇതിന് തുടക്കമാകും. മൂല്യവർധിത കാർഷിക മിഷൻ രണ്ടാഴ്ചക്കുള്ളിൽ ഔദ്യോഗികമായി ആരംഭിക്കും. കാർഷിക ഉൽപന്നങ്ങളുടെ സംഭരണം, സംസ്കരണം, മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം, വിപണനം എന്നിവ ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതിയാണ് വാല്യു ആഡഡ് മിഷൻ. 2806 കോടി ചെലവിട്ടാകും മിഷന്‍റെ പ്രവർത്തനം. പ്രാദേശിക താൽപര്യം കൂടി കണക്കിലെടുത്ത് ഒരു കൃഷിഭവന് കീഴിൽ ഒരു മൂല്യവർധിത ഉൽപന്നമെന്ന പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ കോട്ടയം ജില്ല സെക്രട്ടറി അഡ്വ വി.ബി. ബിനുവും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.