നാളികേര ഉൽപാദനം: കേരളം വീണ്ടും ഒന്നാമത്
text_fieldsമലപ്പുറം: ഇതരസംസ്ഥാനങ്ങളിൽനിന്ന് നാളികേര ഉൽപാദനത്തിെൻറ കുത്തക കേരളം തിരിച്ചുപിടിച്ചു. 2016-17ൽ ആകെയുള്ള 7.70 ലക്ഷം ഹെക്ടർ കൃഷിയിടത്തിൽനിന്ന് 746.42 കോടി നാളികേരം ഉൽപാദിപ്പിച്ചാണ് കേരളം ഒന്നാംസ്ഥാനം ഉറപ്പിച്ചത്. 2010-11വരെ കേരളമായിരുന്നു ഒന്നാം സ്ഥാനത്ത്.
തൊട്ടടുത്ത വർഷം കേരളത്തെ കടത്തിവെട്ടി തമിഴ്നാട് ഒന്നാമതെത്തി. കർണാടക രണ്ടാമതും. ഇരുസംസ്ഥാനങ്ങൾക്കും പിറകിൽ മൂന്നാമതായിരുന്നു കേരളം. തുടർന്നുള്ള വർഷങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ കയറിയിറങ്ങുകയായിരുന്നു കേരളം. 2015-16ൽ കേരളം ഉൽപാദനം 742.94 കോടിയിലെത്തിച്ച് മേൽകൈ നേടി. ഇത്തവണ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തമിഴ്നാട്ടിൽ ആകെ നാളികേരയുൽപാദനം 617.10 കോടിയാണ്. കർണാടകയിൽ 489.66 കോടിയും.
കൃഷിഭൂമിയുടെ വ്യാപ്തിയും ഉയർന്ന ഉൽപാദന ക്ഷമതയുമായിരുന്നു തമിഴ്നാടിന് അനുകൂലമായത്. കൃഷിഭൂമിയുടെ വ്യാപകമായ തരംമാറ്റലും ഉയർന്ന കൂലിച്ചെലവും കേരളത്തിന് തിരിച്ചടിയാവുകയായിരുന്നു. രോഗകീടങ്ങളുടെ ആക്രമണവും വിലത്തകർച്ചയും കൃഷിക്ക് ദോഷംചെയ്തു. നാളികേര വികസന ബോർഡും കൃഷി വകുപ്പും ആവിഷ്കരിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളും ഫാർമേഴ്സ് െപ്രാഡ്യൂസർ സൊസൈറ്റികളുടെ ഇടപെടലുമാണ് തെങ്ങുകൃഷിയിൽ പുതിയ ഉണർവിന് കാരണമായത്. ശാസ്ത്രീയ പരിപാലനത്തിലൂടെ ഉൽപാദനക്ഷമത കൂട്ടാൻ സാധിച്ചതായി നാളികേരള വികസന ബോർഡ് അധികൃതർ പറയുന്നു. 2010-11ൽ ഉൽപാദന ക്ഷമത ഹെക്ടറിൽനിന്ന് വെറും 7,000 നാളികേരം മാത്രമായിരുന്നു. അത് ഇപ്പോൾ 9,663 എന്ന നിലയിൽ എത്തിയിട്ടുണ്ട്. ഉൽപാദനക്ഷമത 12,000ൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
രാജ്യത്തെ മൊത്തം നാളികേരള കൃഷിയുടെ 37 ശതമാനവും ഉൽപാദനത്തിെൻറ 33.5 ശതമാനവും നിലവിൽ കേരളത്തിന് അവകാശപ്പെട്ടതാണെന്ന് ബോർഡിെൻറ സർവേ റിപ്പോർട്ടിൽ പറയുന്നു. കേടുവന്നതും പ്രായമായതുമായ തെങ്ങുകൾ വെട്ടിമാറ്റി പുതിയത് വെച്ചുപിടിപ്പിക്കുന്ന പദ്ധതി ബോർഡ് നടപ്പാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.