നാളികേര മൂല്യവർധിത ഉല്‍പ്പന്നങ്ങളിലൂടെ ഭക്ഷ്യമേഖലയില്‍ വലിയമാറ്റം സൃഷ്ടിക്കാനാകും-പി. രാജീവ്
text_fieldsകൊച്ചി: പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനൊപ്പം വൈവിധ്യമാര്‍ന്ന നാളികേര മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിർമാണത്തിലൂടെ ഭക്ഷ്യമേഖലയില്‍ വലിയ മാറ്റം സൃഷ്ടിക്കാനാകുമെന്ന് മന്ത്രി പി. രാജീവ്. എറണാകുളം ടൗണ്‍ ഹാളില്‍ നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാളികേര മൂല്യവർധിത ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് വന്‍ഡിമാന്റാണ് വിപണിയില്‍ ഉള്ളത്. നാറ്റാ ഡി കൊക്കോ, നാളികേര ചിപ്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കടന്നുവരവ് ഇതിനെ സൂചിപ്പിക്കുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഇനിയും ധാരാളം ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. അതിനായി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളും നാളികേര വികസന ബോര്‍ഡിന്റെ പദ്ധതികളും സമന്വയിപ്പിച്ച് കര്‍ഷകര്‍ക്കും, സംരംഭകര്‍ക്കും പ്രയോജനപ്രദമാകും വിധം പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്.
സംരംഭക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നിർമിച്ച ഉല്‍പ്പന്നം വെളിച്ചെണ്ണയാണ്. കേരളത്തിന്റെതായ തനത് ബ്രാന്‍ഡ് പ്രോത്സാഹിപ്പികുക എന്ന ലക്ഷ്യത്തിലേക്ക് കേരള സര്‍ക്കാര്‍ ആദ്യം തിരഞ്ഞെടുത്ത ഉല്‍പ്പന്നം വെളിച്ചെണ്ണയാണ്. കേരള ബ്രാന്‍ഡിനു കീഴില്‍ ആറ് കമ്പനികളുടെ വെളിച്ചെണ്ണ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. വെളിച്ചെണ്ണ ഉത്പാദനത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ കേരളത്തില്‍ നിന്നുതന്നെയാണ്. ഫുഡ് പ്രോസസിങ് മേഖലയില്‍ മൂല്യവര്‍ദ്ധനവിന് ഏറെ പ്രതീക്ഷനല്‍കുന്ന കുറ്റ്യാടി കോക്കനട്ട് പാര്‍ക്ക് ഉടനെ പ്രവര്‍ത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു.
നാളികേര വികസന ബോര്‍ഡിന്റെ പദ്ധതികളുടെ ലഘുലേഖയും, കേര ഭാരതി എന്ന ഹിന്ദി പുസ്തകത്തിന്റെ പ്രകാശനവും, ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദര്‍ശന മേളയുടെ ഉദ്ഘാടനവും മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. ടി. ജെ. വിനോദ് എം.എല്‍.എ, നാളികേര വികസന ബോര്‍ഡിന്റെ മുഖ്യ നാളികേര വികസന ഓഫീസര്‍ ഡോ. ബി. ഹനുമന്ത ഗൗഡ, ഡയറക്ടര്‍ ദീപ്തി നായര്‍ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.