സര്‍ക്കാര്‍ ശേഖരിച്ച 16000 വിത്തുതേങ്ങ പാഴായി
text_fieldsനന്തി ബസാര്‍: മികച്ച തൈകള്‍ ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ വില നല്‍കി സംഭരിച്ച 16000 വിത്തുതേങ്ങ നശിച്ചു. മുള പൊട്ടാത്തതും കേടുവന്നതുമായ തേങ്ങ തോട് നികത്താന്‍ ലേലത്തില്‍ വിറ്റു. ജില്ല പഞ്ചായത്തിന് കീഴില്‍ തിക്കോടിയില്‍ പ്രവര്‍ത്തിക്കുന്ന കോക്കനട്ട് നഴ്സറിയിലാണ് സംഭവം. സര്‍ക്കാറിന് കീഴിലെ മലബാറിലെ പ്രധാന വിത്ത് ഉല്‍പാദനകേന്ദ്രങ്ങളിലൊന്നാണ് ഇത്. മണ്ണിനെക്കാള്‍ കുറഞ്ഞ വിലയില്‍ മൂടാം എന്നതാണത്രെ തോട് നികത്താന്‍ തേങ്ങ തെരഞ്ഞെടുക്കാന്‍ സ്വകാര്യവ്യക്തി പറയുന്ന കാരണം.
42 രൂപക്ക് ഒരു തേങ്ങ എന്ന നിലയില്‍ കഴിഞ്ഞവര്‍ഷം ശേഖരിച്ചവയാണ് പാഴായത്. കുറ്റ്യാടി, തൊട്ടില്‍പാലം എന്നിവിടങ്ങളില്‍നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത മുന്തിയ ഇനം തേങ്ങകളാണ് ശേഖരിക്കാറുള്ളത്. കഴിഞ്ഞവര്‍ഷം പൊതു മാര്‍ക്കറ്റില്‍ കിലോക്ക് 15 രൂപ വിലയുള്ളപ്പോഴാണ് ഇവ കൂടിയ വിലക്ക് ശേഖരിച്ചത്. മുള വരാതെയും കേടുവന്നും നശിച്ചതോടെയാണ് ഇവ കൂട്ടമായി സ്വകാര്യവ്യക്തിക്ക് തോട് മൂടാന്‍ ചെറിയ വിലക്ക് ലേലത്തില്‍ വിറ്റത്. പുറക്കാട് അച്ചംവീട് നടക്കലാണ് സ്വകാര്യവ്യക്തി തേങ്ങ തോട് നികത്താന്‍ കൂട്ടിയിട്ടത്. ലോറിയില്‍ കയറ്റി ഇവ വയലില്‍ കൂട്ടത്തോടെ തള്ളുകയായിരുന്നു. കഴിഞ്ഞവര്‍ഷം അറുപതിനായിരത്തോളം തേങ്ങയാണ് 42 രൂപ തോതില്‍ വാങ്ങിയത്. ലക്ഷങ്ങളുടെ നഷ്ടമാണ് സര്‍ക്കാറിന് ഇതുവഴി ഉണ്ടായത്.
ഇത്രയധികം ഒന്നിച്ച് പാഴായിപ്പോയത് എങ്ങനെ എന്നത് സംബന്ധിച്ച് ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. തേങ്ങകള്‍ വാങ്ങുമ്പോഴും പരിപാലിക്കുമ്പോഴുമുണ്ടായ അശ്രദ്ധയാണ് കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍, കേടായ തേങ്ങകള്‍ ലേലം ചെയ്യുന്നത് എല്ലാ വര്‍ഷവും പതിവാണെന്നാണ് ജീവനക്കാരുടെ വിശദീകരണം. പരപ്പനങ്ങാടി, കൂത്താളി തുടങ്ങിയ ഇടങ്ങളിലെ ഫാമുകളിലും വര്‍ഷവും ഇങ്ങനെ തൈകള്‍ നശിക്കാറുണ്ടെന്നും ഇവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.