പണം കൊണ്ടുപോകാൻ അനുമതി ലഭ്യമല്ല; പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങി സഹകരണ ബാങ്കുകൾ
text_fieldsമലപ്പുറം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങി, ബിസിനസ് ആവശ്യത്തിന് പണം കൊണ്ടുപോകാൻ സാധിക്കാതെ സംസ്ഥാനത്തെ സർവിസ് സഹകരണ ബാങ്കുകൾ. പണം കൊണ്ടുപോകുന്നതിന് ആർ.ബി.ഐ ലൈസൻസുള്ള കമേഴ്സ്യൽ ബാങ്കുകള്‍ക്കും മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കുമുള്ള അനുമതി, സർവിസ് ബാങ്കുകള്‍ക്കും പ്രാഥമിക സംഘങ്ങൾക്കും ലഭിക്കാത്തതാണ് പ്രശ്നമായത്. പെരുമാറ്റച്ചട്ടമനുസരിച്ച് അര ലക്ഷത്തിന് മുകളിലുള്ള തുക കൊണ്ടുപോകാൻ നടപടിക്രമം പാലിക്കണം. ബാങ്കുകൾ, പണം കൊണ്ടുപോകുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്റെ സി-വിജില്‍ പോര്‍ട്ടലില്‍നിന്ന് അനുമതി വാങ്ങണം. ഇതിനായി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് പണം കൊണ്ടുപോകുന്നതിനുള്ള പാസ് എന്ന നിലക്ക്, ക്യു.ആര് കോഡ് ജനറേറ്റ് ചെയ്തു സൂക്ഷിക്കണം. ഈ പോര്‍ട്ടലില്‍, സർവിസ് സഹകരണ ബാങ്കുകൾക്കും സംഘങ്ങൾക്കും ലോഗിന്‍ ചെയ്യാന്‍ അനുമതിയില്ല.
സംസ്ഥാനത്ത്, നൂറുകണക്കിന് സർവിസ് സഹകരണ ബാങ്കുകളുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങൾ വേറെയും. സാധാരണക്കാർ ഏറ്റവും കൂടുതൽ ഇടപാടുകൾക്ക് ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയാണ്. സർവിസ് ബാങ്കുകള്‍ക്ക്, ശാഖകളിലേക്കും തിരിച്ചും തെരഞ്ഞെടുപ്പ് കമീഷന് നിർദേശിക്കുന്നതില്‍ കൂടുതല്‍ പണം കൊണ്ടുപോകേണ്ടിവരുന്നുണ്ട്. ഇതിന്, നിലവിലെ വ്യവസ്ഥയില്‍ അനുമതിയില്ല. ഇടപാടുകാർക്ക് ബാങ്കുകളിൽനിന്ന് പണം പിൻവലിച്ച് കൊണ്ടുപോകുന്നതിനും പെരുമാറ്റച്ചട്ടം തടസ്സമാണ്. സ്ക്വാഡുകളുടെ പരിശോധനയിൽ പിടിക്കപ്പെട്ടാൽ പണം നഷ്ടപ്പെടും.
എസ്.ബി.ഐ അടക്കമുള്ള വാണിജ്യ ബാങ്കുകൾ ഇടപാടുകാർക്ക് ക്യു.ആർ കോഡ് നൽകുന്നുണ്ട്. ലോഗിൻ സൗകര്യമില്ലാത്തതിനാൽ സഹകരണ ബാങ്കുകൾക്ക് ഇത് നൽകാനാവുന്നില്ല. പണം കൊണ്ടുപോകാൻ ആവശ്യമായ രേഖ ഹാജരാക്കിയാല്‍ മതിയെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നത്. എന്നാൽ, സഹകരണ ബാങ്കുകളുടെ പണത്തിന് ബാങ്ക് രേഖയല്ലാതെ മറ്റൊന്നും ഹാജരാക്കാന്‍ കഴിയില്ല. സ്ക്വാഡുകൾക്ക് സി-വിജില്‍ പോര്‍ട്ടൽ വഴി ലഭ്യമായ അനുമതി വേണ്ടിവരും. രണ്ടുലക്ഷം രൂപക്ക് മുകളിൽ നിക്ഷേപം സഹകരണ ബാങ്കുകളിലുണ്ട്.
വാണിജ്യ ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും സി-വിജില്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ് ഇലക്ഷന് കമീഷന് കത്ത് നൽകിയതായി തേഞ്ഞിപ്പലം റൂറല്‍ സഹകരണ ബാങ്ക് അസി. സെക്രട്ടറി ശ്രീജിത്ത് മുല്ലശ്ശേരി ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.