പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് പെരുമാറ്റച്ചട്ടം ഫോണിൽ ലഭിക്കുന്ന പരാതി രേഖപ്പെടുത്തി നടപടി അറിയിക്കണം
text_fieldsപെരിന്തൽമണ്ണ: പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ഓഫിസുകളിൽ ഫോൺ മുഖേന ലഭിക്കുന്ന പരാതികളിലും നടപടി സ്വീകരിച്ച് പരാതിക്കാരനെ അറിയിക്കണമെന്ന് സർക്കുലർ. പൊതുവിതരണ ഉപഭോക്തൃ കമീഷണറാണ് സർക്കുലർ ഇറക്കിയത്. ഫോൺ മുഖേന ലഭിക്കുന്ന വിവരങ്ങളും സന്ദേശങ്ങളും രജിസ്റ്ററിൽ രേഖപ്പെടുത്താനും നിർദേശമുണ്ട്. ഫോണിലൂടെയുള്ള അന്വേഷണങ്ങൾക്ക് വ്യക്തവും കൃത്യവുമായ മറുപടി നൽകണം. സേവനങ്ങൾ കമ്പ്യൂട്ടർവത്കരിച്ചിട്ടുണ്ടെങ്കിലും നേരിലെത്തി പരാതി പറയുന്നവരോട് മാന്യമായി പെരുമാറണമെന്നും താലൂക്ക് സപ്ലൈ ഓഫിസുകളിലും റേഷനിങ് ഓഫിസുകളിലും അന്വേഷണവും പരാതിയുമായി എത്തുന്നവർക്ക് പരാതി പരിഹരിക്കാനാവശ്യമായ മാർഗനിർദേശങ്ങൾ നൽകണമെന്നും സർക്കുലറിൽ വ്യക്തമാക്കി.
മുതിർന്ന പൗരന്മാരെയും ഭിന്നശേഷിക്കാരെയും വരിയിൽ നിർത്താതെ പ്രത്യേകം പരിഗണിക്കണം. ഫീൽഡിലുള്ളവരടക്കമുള്ള ജീവനക്കാർ നിശ്ചിത മാതൃകയിലുള്ള തിരിച്ചറിയൽ കാർഡ് ധരിക്കണം. ഫീൽഡ് പരിശോധനക്കിടെ വീടുകളിലെത്തി റേഷൻ കാർഡ് ആവശ്യപ്പെടുമ്പോൾ ഔദ്യോഗിക വിലാസവും സ്ഥാനപ്പേരും പറഞ്ഞ് പരിചയപ്പെടുത്തണം. ഓൺലൈനിൽ ലഭിക്കുന്ന അപേക്ഷകളിൽ സേവനാവകാശ നിയമം പാലിച്ച് തീർപ്പാക്കണം. ഇക്കാര്യങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത് അതത് ഓഫിസ് മേധാവികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.