കോൺഗ്രസിൽ പെരുമാറ്റച്ചട്ടം; എം.പി, എം.എൽ.എമാരെ ഭാരവാഹികളാക്കില്ല
text_fieldsതിരുവനന്തപുരം: കെ.പി.സി.സി, ഡി.സി.സി ഭാരവാഹിത്വത്തിലേക്ക് എം.പിമാരെയും എം.എൽ.എമാരെയും പരിഗണിക്കില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ അനിവാര്യരായവർ ഒഴികെ ആരെയും ഭാരവാഹികളാക്കില്ല. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിലും മുതിർന്ന നേതാക്കൾ പ്രത്യേകമായി നടത്തിയ കൂടിയാലോചനയിലും ഉയർന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് െപാതുധാരണ രൂപപ്പെട്ടത്.
അടിമുടി നടപ്പാക്കുന്ന അഴിച്ചുപണിയിൽ വിവിധതലങ്ങളിലുള്ള ജംബോ കമ്മിറ്റികൾ ഒഴിവാക്കും. മുഴുവൻ സമയവും പാർട്ടിക്കുവേണ്ടി ചെലവഴിക്കാൻ കഴിയുന്നവരെയായിരിക്കും പരിഗണിക്കുക. എം.പി, എം.എൽ.എമാരെ ഭാരവാഹികളാക്കിയാൽ അതിന് കഴിയില്ല. മാത്രമല്ല, മറ്റുള്ളവർക്ക് ലഭിക്കേണ്ട അവസരം നഷ്ടപ്പെടുകയും ചെയ്യും. കെ.പി.സി.സി അധ്യക്ഷനും വർക്കിങ് പ്രസിഡൻറുമാരും ജനപ്രതിനിധികളാണെങ്കിലും അവരെ നിയമിച്ചത് ഹൈകമാൻഡ് ആയതിനാൽ ചോദ്യം ചെയ്യാൻ കഴിയില്ല.
നിലവിലെ 14 ജില്ല കോൺഗ്രസ് അധ്യക്ഷന്മാരെയും മാറ്റും. ചിലർക്ക് കെ.പി.സി.സി ഭാരവാഹിത്വം ലഭിക്കും. കെ.പി.സി.സി, ഡി.സി.സി ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക കെ.പി.സി.സി നേതൃത്വമായിരിക്കും തയാറാക്കുക. ഇൗ പട്ടികയിൽനിന്ന് നേതാക്കൾ കൂടിയാലോചിച്ച് അന്തിമ പട്ടിക തയാറാക്കും. ഭാരവാഹിത്വത്തിൽ പത്ത് ശതമാനം വീതം സ്ത്രീകൾക്കും പട്ടികവിഭാഗത്തിനും നിർബന്ധമായും മാറ്റിവെക്കും. വാർഡ്, ബൂത്ത് കമ്മിറ്റികൾക്ക് താഴെ പുതിയതായി രൂപവത്കരിക്കുന്ന അയൽക്കൂട്ട സമിതികളിൽ പാർട്ടിയോട് കൂറുള്ളവരുടെ കുടുംബങ്ങളെ മാത്രമായിരിക്കും ഉൾപ്പെടുത്തുക.
പുനഃസംഘടനയിൽ സ്ഥാനം നഷ്ടമാകുന്നവരെ അസംതൃപ്തരുടെ പട്ടികയിലേക്ക് തള്ളിവിടാതെ പാർട്ടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തും. അഴിച്ചുപണിക്കൊപ്പം നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള പെരുമാറ്റച്ചട്ടത്തിനും രൂപംനൽകും. വേദികളിലെ അനാവശ്യ ഇടിച്ചുകയറ്റം ഉൾപ്പെടെ നിയന്ത്രിക്കാനുള്ള നിർദേശങ്ങളും പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തും.
കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് രീതി മാറ്റണമെന്ന ആവശ്യം ഹൈകമാൻഡിനെ അറിയിക്കും. ഹൈകമാൻഡുമായി കൂടിക്കാഴ്ചക്ക് അടുത്തയാഴ്ച ഡൽഹിയിലെത്തുന്ന കെ.പി.സി.സി അധ്യക്ഷൻ ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടും. നിലവിലെ തെരഞ്ഞെടുപ്പ് രീതി പാർട്ടിക്കും സംഘടനകൾക്കും ഗുണകരമല്ലെന്നാണ് കെ.പി.സി.സി നേതൃത്വത്തിെൻറ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.