സ്നിജോ കാത്തിരുന്നു, അനുവിനെ മരണം തട്ടിയെടുത്തത് അറിയാതെ
text_fieldsഎരുമപ്പെട്ടി: അനുവിനെ മരണം തട്ടിയെടുത്തത് പ്രിയതമനുമായുള്ള പുനഃസമാഗമത്തിന് ഒന്നരമണിക്കൂർ ശേഷിക്കെ. മരിച്ച അനുവും സ്നിജോയുമായുള്ള വിവാഹം നടന്നത് ഒരുമാസം മുമ്പ് മാത്രമാണ്. ജനുവരി 19നായിരുന്നു വിവാഹം.
ഇയ്യാൽ കൊള് ളന്നൂർ വീട്ടിൽ വർഗീസ്-മർഗ്ലി ദമ്പതികളുടെ ഇളയ മകളായ അനു ഒരുവർഷമായി ബംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിൽ മെഡിക്കൽ കോഡറായി ജോലി ചെയ്തു വരുകയായിരുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന സ്നിജോ വിവാഹത്തിനായാണ് മൂന്നുമാസത്തെ അവധിക്ക് നാട്ടിലെത്തിയത്. വിവാഹശേഷം എരുമപ്പെട്ടി പള്ളിയിലെ പെരുന്നാൾ കൂടിയ ദമ്പതികൾ ഫെബ്രുവരി നാലിന് മധുവിധു ആഘോഷിക്കാൻ ഡൽഹിയിലേക്ക് പുറപ്പെട്ടു. ടൂറിനു ശേഷം ഫെബ്രുവരി എട്ടിന് ഇരുവരും മംഗളൂരുവിൽ എത്തി. ദീർഘകാലം അവധി തുടരാൻ കഴിയാത്തതിനാൽ അനു ജോലിയിൽ പ്രവേശിച്ചു.
ഞായറാഴ്ച വിദേശത്തേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനായി ഫെബ്രുവരി 18ന് സ്നിജോ നാട്ടിലെത്തി. അനുവിന് അവധി കിട്ടാത്തതിനാലാണ് ഇരുവർക്കും ഒന്നിച്ച് വരാൻ കഴിയാത്തത്. ഞായറാഴ്ച ജോലിസ്ഥലത്തേക്ക് തിരിക്കുന്ന സ്നിജോയെ യാത്രയാക്കാനാണ് അനു ബുധനാഴ്ച വൈകീട്ട് നാട്ടിലേക്ക് തിരിച്ചത്. അനുവിനെ കൊണ്ടുവരാൻ ബസ്സ്റ്റാൻഡിലേക്ക് മൂന്നരയോടെ തന്നെ സ്നിജോ വീട്ടിൽനിന്ന് കാറുമായി പുറപ്പെട്ടു. യാത്രയിൽ പലതവണ അനുവിനെ ഫോണിൽ വിളിച്ചെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല. നിശ്ചിതസമയം കഴിഞ്ഞും ബസ് എത്താത്തതിനാൽ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു സ്നിജോ. അപ്പോഴാണ് ബസ് അപകടത്തിൽപെട്ട വിവരമറിയുന്നത്. ഉടൻ നാട്ടിൽ വിവരമറിയിച്ച് രണ്ട് സുഹൃത്തുക്കളെയും കൂട്ടി കോയമ്പത്തൂരിലേക്ക് തിരിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.