‘സ്കീം’ ഇനിയുമായില്ല; ലക്ഷ്യം കാണാതെ സഹകരണ ടീം ഓഡിറ്റ്
text_fieldsRepresentational Image
തിരുവനന്തപുരം: സഹകരണ മേഖലയെ അഴിമതി മുക്തമാക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനും നടപ്പാക്കിയ ടീം ഓഡിറ്റ് ലക്ഷ്യം കാണുന്നില്ല. ഇതിനായുള്ള ‘സ്കീം’ സർക്കാർ അംഗീകരിക്കാത്തതാണ് ടീം ഓഡിറ്റ് കാര്യക്ഷമമായി നടപ്പാക്കാൻ തടസ്സമാവുന്നത്. ഓഡിറ്റ് സംഘത്തിന്റെ രൂപവത്കരണം, ഘടന, ഓഡിറ്റ് രീതി, ഓഡിറ്റ് റിപ്പോർട്ടിന്റെ ഘടന, ചെലവ് എന്നിവ ഉൾപ്പെടുത്തി സർക്കാർ അംഗീകരിക്കുന്ന സ്കീം പ്രകാരമായിരിക്കണം ഓഡിറ്റ് ഡയറക്ടർ ടീമിനെ നിയോഗിക്കേണ്ടത്. ഇക്കാര്യം സഹകരണ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും സ്കീമില്ലാതെയാണ് നിലവിൽ ഓഡിറ്റ് നടക്കുന്നത്. സ്കീമിന്റെ അഭാവത്തിൽ നിലവിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഓഡിറ്റ് പ്രക്രിയയെ താളംതെറ്റിക്കുന്ന അവസ്ഥയുമുണ്ട്.
കേരള സഹകരണ സംഘം നിയമത്തിൽ നിയമസഭ അംഗീകരിച്ച മൂന്നാം സമഗ്ര നിയമഭേദഗതി കഴിഞ്ഞ വർഷം ജൂൺ ഏഴിനാണ് നിലവിൽ വന്നത്. ഇതിൽ ‘സർക്കാർ വിജ്ഞാപന പ്രകാരം അംഗീകരിക്കപ്പെടുന്ന സ്കീമിന് അനുസൃതമായി ഓഡിറ്റ് ഡയറക്ടർ നിയമിക്കുന്ന ഓഡിറ്റർമാരുടെ ടീമിനെക്കൊണ്ടുവേണം ഓഡിറ്റ് നടത്താൻ’ എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
എന്നാൽ, ഇത് പാലിക്കാതെ ടീം ഓഡിറ്റ് നടപ്പാക്കി സഹകരണ ഓഡിറ്റ് ഡയറക്ടർ ഉത്തരവിറക്കുകയായിരുന്നു. ഇത് സഹകരണ നിയമത്തിലെ വകുപ്പ് 63(9)ന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതികളിലും വകുപ്പ് മൗനം പാലിക്കുകയാണ്. നേരത്തേയുണ്ടായിരുന്ന പരിശോധന നടത്താൻപോലും നിലവിലെ സാഹചര്യത്തിൽ ടീം ഓഡിറ്റിലൂടെ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ടീം ഓഡിറ്റ് വലിയ നേട്ടമായി അവതരിപ്പിക്കുകയും എന്നാൽ, അത് നടപ്പാക്കുന്നതിൽ മെല്ലെപ്പോക്ക് തുടരുകയും ചെയ്യുന്ന സർക്കാർ സമീപനത്തിൽ ഓഡിറ്റർമാരടക്കം സഹകരണ മേഖലയിൽ കടുത്ത അമർഷമുണ്ട്.
ടീം ഓഡിറ്റ് സ്കീം ഉടൻ നടപ്പാക്കുക, നടപ്പിലാക്കിയതുമൂലം നഷ്ടമായ തസ്തികകൾ പുനഃസ്ഥാപിക്കുക, ഓൺലൈൻ സ്ഥലംമാറ്റത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സഹകരണ സംഘം രജിസ്ട്രാർ ഓഫിസിന് മുന്നിൽ ധർണ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ടീം ഓഡിറ്റ് കാര്യക്ഷമമായി നടപ്പാക്കുമെന്നും അതിനായുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് സഹകരണ വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.