അവതാളത്തിലായ വിതരണ ശൃംഖല, പൂർത്തിയാവാത്ത പദ്ധതികൾ
text_fields2016-2023 കാലയളവിൽ വിതരണ മേഖലയിൽ 14013 കിലോമീറ്റർ 11 കെ.വി ലൈനും 29445 കിലോമീറ്റർ എൽ.ടി ലൈനുമാണ് പുതുതായി സ്ഥാപിച്ചത്. 17586 ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചതും 13018 കിലോമീറ്റർ സിംഗിൾ ഫേസ് ലൈൻ ത്രീഫേസ് ആക്കിയതും കെ.എസ്.ഇ.ബി നേട്ടമായി എണ്ണിയിരുന്നു. എന്നാൽ, ഉയരുന്ന വൈദ്യുതി ഉപഭോഗം താങ്ങാൻ ഇതുകൊണ്ടുമാത്രം കഴിയില്ലെന്ന ബോധ്യം ഇപ്പോൾ അധികൃതർക്കുമുണ്ട്. വൈദ്യുതി ഉപഭോഗം ഉയരാനുള്ള സാധ്യത മുന്നിൽക്കണ്ട് 2020 മുതൽ ഒരോ സാമ്പത്തിക വർഷവും പ്രസാരണ-വിതരണ മേഖലകളിൽ പണം വിനിയോഗിക്കുന്നതിൽ വരുത്തിയ വീഴ്ചയും വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതുമെല്ലാം നിലവിൽ അനുഭവിക്കുന്ന ഇരുട്ടിൽതപ്പലിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
നിർമാണം നിലച്ച പദ്ധതികൾ പുനരാരംഭിക്കാൻ ടെക്നിക്കൽ കമ്മിറ്റികൾ രൂപവത്കരിക്കുകയും വിശദ പഠനത്തിനുശേഷം എസ്റ്റിമേറ്റുകൾ പരിഷ്കരിക്കുകയും ദർഘാസ് ക്ഷണിക്കുകയും പലയിടങ്ങളിലും പണി ആരംഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും എന്ന് പൂർത്തീകരിക്കുമെന്ന് ചോദിച്ചാൽ കെ.എസ്.ഇ.ബിക്ക് ഉത്തരമില്ല. 2007ൽ നിർമാണം ആരംഭിച്ച പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെയും 2008ൽ നിർമാണം ആരംഭിച്ച തോട്ടിയാർ പദ്ധതിയുടേയും നിർമാണം അന്തിമഘട്ടത്തിലാണ്. 2009ൽ പണി തുടങ്ങിയ ചെങ്കുളം ഒാഗ്മെന്റേഷൻ പദ്ധതിയുടെ ടണൽ നിർമാണം തടസ്സപ്പെട്ട് കിടപ്പായിരുന്നു.
പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇതിന് തുടർനടപടി സ്വീകരിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്. 2013ൽ നിർമാണം തുടങ്ങിയ ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതിയുടെ സിവിൽ നർമാണ പ്രവർത്തനങ്ങൾ ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. ഇവിടത്തെ ഇലക്ട്രോ-മെക്കാനിക്കൽ ജോലികൾ പൂർത്തീകരണ ഘട്ടത്തിലാണ്. 7.5 മെഗാവാട്ടിന്റെ പഴശ്ശി സാഗർ ജലവൈദ്യുതി പദ്ധതിയും എപ്പോൾ പൂർത്തിയാക്കുമെന്ന് കഴിയാൻ പറയാത്തവയുടെ കൂട്ടത്തിലുണ്ട്.
പുതിയ ജലവൈദ്യുതി പദ്ധതികൾ
ഇടുക്കിയിൽ രണ്ടാം നിലയം ഉൾപ്പെടെ പുതിയ ജലവൈദ്യുതി പദ്ധതികൾ ഏറ്റെടുക്കുന്നതിന് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നുണ്ട്. 18 പദ്ധതികൾക്കായി 9292.37 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇവയിൽ നിന്നായി 1606 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാമെന്നും കണക്കുകൂട്ടുന്നു. നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നടപടികൾ നടന്നുവരുന്ന പദ്ധതികൾ ഇവയാണ്:
പദ്ധതി, പ്രതിവർഷം ഉൽപാദിപ്പിക്കാനാവുന്ന വൈദ്യുതി, പ്രതീക്ഷിക്കുന്ന തുക എന്ന ക്രമത്തിൽ
● അപ്പർ ചെങ്കുളം- 53.22 ദശലക്ഷം യൂനിറ്റ്, 316 കോടി
● പൊരിങ്ങൽകുത്ത് സ്റ്റേജ്2 -53.85 ദശലക്ഷം യൂനിറ്റ്, 80.7 കോടി
● കക്കയം പമ്പിങ് സ്കീം - 29.488 ദശലക്ഷം യൂനിറ്റ്, 25.10 കോടി
● മരിപ്പുഴ- 14.84 ദശലക്ഷം യൂനിറ്റ്, 80.54 കോടി
● പീച്ചാട്- 7.74 ദശലക്ഷം യൂനിറ്റ്, 51.50 കോടി
● വെസ്റ്റേൺ കല്ലാർ- 17.41 ദശലക്ഷം യൂനിറ്റ്, 87 കോടി
● ലാഡ്രം-12.13 ദശലക്ഷം യൂനിറ്റ്, 73 കോടി
● മാർമല- 23.02 ദശലക്ഷം യൂനിറ്റ്, 115 കോടി
● കീരിത്തോട്- 27.65 ദശലക്ഷം യൂനിറ്റ്, 141.92 കോടി
● ചെമ്പുകടവ് (മൂന്ന്) -12.06 ദശലക്ഷം യൂനിറ്റ്, 98.21 കോടി
● ചാത്തൻകോട്ടുനട (ഒന്ന്) -12.06 ദശലക്ഷം യൂനിറ്റ്, 98.21
● പശുക്കടവ്- 10.34 ദശലക്ഷം യൂനിറ്റ്, 64.85
● വളാംതോട്- 15.29 ദശലക്ഷം യൂനിറ്റ്, 91.51 കോടി
● പെരിങ്ങൽകുത്ത് മൈക്രോ- 0.25 ദശലക്ഷം യൂനിറ്റ്, 1.43 കോടി
● ആനക്കയം-22.13 ദശലക്ഷം യൂനിറ്റ്, 139.62 കോടി
● ഇടുക്കി ഗോൾഡൻ ജൂബിലി ജലവൈദ്യുതി പദ്ധതി- 1301 ദശലക്ഷം യൂനിറ്റ്, 3062.08 കോടി
● ശബരിഗിരി എക്സ്റ്റൻഷൻ സ്കീം- 834.16 ദശലക്ഷം യൂനിറ്റ്, 3128.36 കോടി
● ലക്ഷ്മി- 347 ദശലക്ഷം യൂനിറ്റ്- 1630 കോടി
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.