കൊച്ചിയിലെ പ്ലാസ്റ്റിക് മാലിന്യം ഇന്ന് മുതൽ എടുക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കൊച്ചിയിലെ പ്ലാസ്റ്റിക് മാലിന്യം വെള്ളിയാഴ്ച മുതൽ എടുക്കണമെന്ന് ഹൈകോടതി നിർദേശം. മാലിന്യം എടുക്കാതിരുന്നാലും പൊതുസ്ഥലത്ത് മാലിന്യം തള്ളിയാലും പരാതി നൽകാനായി കോർപറേഷൻ കൗൺസിലർമാരുടെ ഫോൺ നമ്പറടക്കം നൽകണമെന്നും ചീഫ് ജസ്റ്റിസ് എസ്.വി. എൻ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കൊച്ചിയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത ഹരജി പരിഗണിക്കുകയായിരുന്നു കോടതി. തന്റെ വീട്ടിലെ അടക്കം പ്ലാസ്റ്റിക് മാലിന്യം ഒരു മാസമായി എടുത്തിട്ടില്ലെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകേണ്ടെന്ന് തീരുമാനിച്ചതിനാലാണ് പ്ലാസ്റ്റിക് എടുക്കാനാകാത്തതെന്ന് കൊച്ചി കോർപറേഷൻ സെക്രട്ടറി വിശദീകരിച്ചു. മേയ് 31 വരെ ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകുമായിരുന്നു. പിന്നീട് മറ്റ് ഏജൻസികളെ ഏൽപ്പിച്ചെങ്കിലും അവർക്ക് ചെയ്യാനാകാത്തതാണ് മാലിന്യമെടുക്കാൻ തടസ്സമായതെന്നും വിശദീകരിച്ചു. മാലിന്യം സംസ്കരിക്കാൻ മൂന്ന് മാസത്തിനുള്ളിൽ ബ്രഹ്മപുരത്ത് താൽക്കാലിക സംവിധാനമൊരുക്കുമെന്ന് പ്രശ്ന പരിഹാരത്തിന് സ്വീകരിച്ച നടപടികളെന്തെന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായി സെക്രട്ടറി അറിയിച്ചു.
ഒരു പ്രശ്നം പരിഹരിക്കുന്നത് മറ്റൊരു പ്രശ്നത്തിന് തുടക്കമാകരുതെന്നും കോടതി പറഞ്ഞു. വലിയ തോതിൽ മാലിന്യമുണ്ടാക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യും. കണ്ടെയിനർ റോഡരികിൽ മുഴുവൻ മാലിന്യമാണ്. മാലിന്യം ശേഖരിക്കുന്നില്ലെങ്കിൽ പരാതി പറയാൻ ത്രിതല സംവിധാനം വേണമെന്നും കോടതി പറഞ്ഞു. മാലിന്യ സംസ്കരണത്തിൽ വീഴ്ചവരുത്തിയാൽ കരാറുകാർക്കെതിരെ സിവിൽ, ക്രിമിനൽ നടപടികളുണ്ടാകണമെന്നും കോടതി നിർദേശിച്ചു.
പ്രോജക്ടിന്റെ ഡി.പി.ആറിനായി കാക്കുകയാണെന്ന് തദ്ദേശ സ്ഥാപന അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വിശദീകരിച്ചു. കൊച്ചിയിലെ മാലിന്യ പ്രശ്നത്തിന് അടുത്ത ഫെബ്രുവരിയോടെ ശാശ്വത പരിഹാരമുണ്ടാകുമെന്നും വ്യക്തമാക്കി. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ പദ്ധതിക്ക് ജില്ലയിൽ രൂപം നൽകിയതായി കലക്ടർ അറിയിച്ചു. അത്തരം സന്ദേശങ്ങൾ അധ്യാപകരിലൂടെ വരണമെന്ന് കോടതി പറഞ്ഞു. 2018 ലെ പ്രളയത്തെ നേരിട്ടത് പോലെ ജനപങ്കാളിത്തത്തോടെ മാലിന്യ പ്രശ്നം നേരിടണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.