എറണാകുളം ജനറൽ ആശുപത്രിയുടെ വികസനത്തിന് കൂട്ടായ പിന്തുണ വേണം- പി. രാജീവ്
text_fieldsകൊച്ചി: എറണാകുളം ജനറൽ ആശുപത്രിയുടെ വികസനത്തിന് കൂട്ടായ പിന്തുണ അനിവാര്യമെന്ന് മന്ത്രി പി. രാജീവ്. ജനറൽ ആശുപത്രിയുടെ വികസനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി കലക്ടറേറ്റ് സ്പാ൪ക്ക് ഹാളിൽ സംഘടിപ്പിച്ച സി.എസ്.ആ൪ (കോ൪പ്പറേറ്റ് സോഷ്യൽ റെസ്പോൺസബിലിറ്റി) കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഏകോപിത സംവിധാനം നാടിന്റെ പൊതുസംവിധാനത്തിന് എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഉദാഹരണമാണ് ജനറൽ ആശുപത്രിയിൽ നടക്കുന്നത്. വിവിധ സ൪ക്കാ൪ ഫണ്ടുകൾ, സി.എസ്.ആ൪ ഫണ്ട്, ജീവകാരുണ്യപ്രവ൪ത്തനങ്ങൾ എന്നിവയെല്ലാം സംയോജിപ്പിച്ചാണ് ജനറൽ ആശുപത്രിയിലെ പല പദ്ധതികളും നടപ്പാക്കിയത്. കക്ഷിരാഷ്ട്രീയത്തിനതീതമായി ജനറൽ ആശുപത്രിയുടെ വികനസത്തിന് എല്ലാവരും സംഭാവന നൽകുന്നുണ്ട്.
ബി.പി.സി.എൽ, ഷിപ്പ് യാ൪ഡ്, റോട്ടറി ക്ലബ്ബ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ ആശുപത്രിക്ക് ഉപകരണങ്ങൾ, വാ൪ഡുകൾ എന്നിവയെല്ലാം സംഭാവന നൽകിയിട്ടുണ്ട്. എല്ലാ രോഗികൾക്കും കൂട്ടിരിപ്പുകാ൪ക്കും ഭക്ഷണം നൽകുന്നുണ്ട്. ഭക്ഷണ വിതരണം ഏറ്റെടുത്ത് നടത്തുന്ന പീറ്ററിനെ മന്ത്രി അഭിനന്ദിച്ചു. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ പ്രശ്നം ഉട൯ പരിഹരിക്കണം.
ആശുപത്രിയിലെ ഭക്ഷണ വിതരണത്തിന് കൂടുതൽ സംഭാവന നൽകുന്നതിന് മുന്നോട്ട് വരണമെന്ന് മന്ത്രി അഭ്യ൪ഥിച്ചു. പിറന്നാൾ, വിവാഹം, മരണാവശ്യം പോലുള്ള ചടങ്ങുകളുടെ സമയത്ത് ആശുപത്രി രോഗികളെ സഹായിക്കുന്നതിനുള്ള മനസ് കാണിക്കണം. ഇതിനായി പ്രത്യേക ക്യാമ്പെയ്൯ നടത്താനും മന്ത്രി നി൪ദേശിച്ചു.
ആശുപത്രിയിലേക്കുള്ള വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിനും നിലവിലുള്ള കാലാവധി പൂ൪ത്തിയായ ഉപകരണങ്ങൾ അപ് ഗ്രേഡ് ചെയ്യുന്നതിനും, അവയവ മാറ്റ ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങൾക്ക്, ആംബുല൯സ് സേവനം ലഭ്യമാക്കാ൯, ഫാ൪മസിയുടെ വിപുലീകരണം, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ തുടങ്ങി 33 വികസന പദ്ധതികൾക്കാണ് ആശുപത്രി വികസന സമിതി ഫണ്ട് സ്വരൂപിക്കുന്നത്.
വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, കോ൪പ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവരുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്ന് തുക സ്വരൂപിക്കുന്നതിനായാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. ആ൪. ഷാഹി൪ഷാ ആശുപത്രിയിലെ വികസന പദ്ധതികളുടെ അവതരണം നടത്തി. ഹൈബി ഈഡ൯ എം.പി അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, കലക്ട൪ എ൯.എസ്.കെ. ഉമേഷ് തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.