അരിച്ചാക്ക് ചുമന്ന് രാജമാണിക്യം, കൂട്ടിന് സബ് കലക്ടർ; തലക്കനമില്ലാതെ ഉദ്യോഗസ്ഥരും
text_fieldsകൽപറ്റ: ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യാൻ കൽപറ്റ കലക്ടറേറ്റിലെത്തിയ അരിച്ചാക്കുകൾ ഇറക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥരും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള എം.ജി. രാജമാണിക്യവും സബ് കലക്ടർ എൻ.എസ്.കെ. ഉമേഷുമാണ് പ്രോട്ടോകോൾ മാറ്റിെവച്ച് അരിച്ചാക്ക് തോളിൽ ചുമന്നിറക്കിയത്. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം തിങ്കളാഴ്ച രാത്രി 9.30ന് ഇരുവരും കലക്ടറേറ്റിൽ മടങ്ങിയെത്തി.
രാവിലെ മുതൽ അവിടെയുണ്ടായിരുന്ന പല ജീവനക്കാരും ക്ഷീണിച്ച് തളർന്ന് വിശ്രമിക്കാൻ പോയിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. അവിടെയുണ്ടായിരുന്ന ജീവനക്കാർക്കൊപ്പം ഇരുവരും അരിച്ചാക്ക് ഇറക്കി. ഇതിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒരു ലോഡ് അരിച്ചാക്കാണ് തലയിലും ചുമലിലുമായി അവിടെയുണ്ടായിരുന്ന ജീവനക്കാർക്കൊപ്പം ഇരുവരും ഇറക്കിയത്.
ലോഡ് മുഴുവൻ ഇറക്കിയ ശേഷം മാത്രമാണ് എം.ജി. രാജമാണിക്യവും എൻ.എസ്.കെ. ഉമേഷും പോയത്. ചൊവ്വാഴ്ച രാവിലെയും ഇവർ സഹായത്തിനെത്തി. ഇതുപോലെ തലക്കനമെല്ലാം മാറ്റിവെച്ച് നിരവധി ഉദ്യോഗസ്ഥർ രാവുംപകലും ഓടിനടക്കുന്നു.
കലക്ടറേറ്റിൽ അത്യാവശ്യ ജോലികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ലോറിയിലും മറ്റുമായി ലോഡുകണക്കിന് അരി ഉൾപ്പെടെ ഭക്ഷണ സാധനങ്ങളുമായി എത്തിയപ്പോൾ അവ മുഴുവൻ ഇറക്കിയതും തരംതിരിച്ചതും ചെറുവാഹനങ്ങളിലേക്ക് കയറ്റിയതും കലക്ടറേറ്റിലെയും ആസൂത്രണ ഭവനിലെയും ജീവനക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.